കാര്യവട്ടം ടി20: ടീമുകൾ ഇന്ന് എത്തും, സഞ്ജു കളിക്കുമെന്ന് പ്രതീക്ഷയിൽ ആരാധകർ
മലയാളി ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും ഇന്ന് തിരുവനന്തപുരത്ത് എത്തും. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.
സഞ്ജു സാംസണിന്റെ സാന്നിധ്യമാണ് ആരാധകർക്ക് ആവേശം പകരുന്നത്. താരത്തിന്റെ തിരിച്ചു വരവ് തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വൈകിട്ട് 5 മണിയോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം ടീം ഹോട്ടലിലേക്ക് പോകും
ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ലോകകപ്പിന് മുന്നോടിയായുള്ള നിർണ്ണായക മത്സരം കൂടിയാണ് കാര്യവട്ടത്ത് നടക്കുന്നത്. സഞ്ജു അവസാന ഇലവനിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേരളത്തിലെ ആരാധകർ. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും പൊലീസും കേരളാ ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.













