വിമാനത്തിലെ പ്രതിഷേധത്തിൽ നിലപാട് മാറ്റി കോടിയേരി ബാലകൃഷ്ണൻ; അപകടം ഒഴിവായത് ഇ പി ജയരാജന്റെ സമയോചിത ഇടപെടൽ മൂലമെന്ന് ദേശാഭിമാനി ലേഖനം
കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധത്തിൽ പ്രസ്താവനയുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പുറത്തിറങ്ങും മുൻപാണ് പ്രതിഷേധം ഉണ്ടായതെന്നും മുഖ്യമന്ത്രിക്ക് അപകടമൊന്നും സംഭവാക്കിതിരുന്നത് ഇ പി ജയരാജന്റെയും മറ്റും സമയോചിതമായ ഇടപെടൽ മൂലമാണെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് പ്രതിഷേധക്കാർ പാഞ്ഞടുത്തതെന്ന് നേരത്തെ കോടിയേരി ഒരു പൊതുയോഗത്തിൽ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന ഇ പി ജയരാജനും മുഖ്യമന്ത്രിക്ക് നേരെ നടന്നത് വധശ്രമമാണെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി വിമാനത്തിൽ ഇരിക്കുമ്പോഴാണ് പ്രതിഷേധമെന്നാണ് നേരത്തെ ഇരുവരും പറഞ്ഞിരുന്നത്. പൊലീസും സുരക്ഷാ ഏജൻസികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാറിനെ തകർക്കാനും മുഖ്യമന്ത്രിയെ അപായപ്പെടുത്താനും യു ഡിസ എഫും എൻ ഡി എയും ഒരുപോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ദിരാഭവൻ എൽ ഡി എഫുകാർ ആക്രമിച്ചിട്ടില്ലെന്നും ഇതിന്റെ പേരിൽ നടക്കുന്ന മുറവിളികൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രസി രഹസ്യമൊഴി നൽകിയത് അസാധാരണ സംഭവമാണെന്നും എൻഫോഴ്സ്മെന്റ് ഒത്തുകളിയുടെ ഭാഗമാണ് ഇതെന്നും കോടിയേരി ബാലകൃഷ്ണൻ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്ത സംഭവത്തിൽ പ്രതിഷേധക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
കോടതിമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കും. കേസിലെ മൂന്നാം പ്രതിയായ സുനിത് കരുണാകരന് വേണ്ടി മുൻകൂർ ജാമ്യാപേക്ഷയും ഇന്ന ഹൈക്കോടതിയിൽ സമർപ്പിക്കും. സംഭവത്തിന് ശേഷം ഒളിവിൽ പോയ മൂന്നാം പ്രതിക്കായി പൊലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും.
Content Highlights : Kodiyeri on aero protest against Pinarayi Vijayan