കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ടിന് സസ്പെൻഷൻ
കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.ആരോഗ്യവകുപ്പ് മന്ത്രി വീണജോർജിന്റെ നിർദേശപ്രകാരമാണ് ഡോ. കെസി രമേശനെ സസ്പെൻഡ് ചെയ്തത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ തുടർച്ചയായുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണം എന്ന ആവശ്യം ഉയർന്നിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
അതേസമയം സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി കെജിഎംഒഎ. രംഗത്തെത്തി. സൂപ്രണ്ടിനെ ബലിയാടാക്കി സര്‍ക്കാര്‍ കൈകഴുകിയെന്ന് സംഘടന ആരോപിച്ചു. നാളെ മാനസികാരോഗ്യകേന്ദ്രത്തില്‍ ഒ.പി ബഹിഷ്കരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
Content Highlight: Kuthiravattom mental hospital superintendent suspended