തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
തിരുവനന്തപുരം എലിപ്പനി ബാധിച്ച് മരണം. കല്ലമ്പലം മുള്ളാറംകോട് സ്വദേശി മോഹനനാണ് മരിച്ചത്. ഞായറാഴ്ചയാണ് ഇയാൾ മരിച്ചത്. എലിപ്പനി ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചുള്ള പരിശോധനാഫലം ഇന്നാണ് ലഭിച്ചത്.
എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘമെത്തി പരിശോധന നടത്തും. നേരത്തെ ജില്ലയിൽ ചെള്ളുപനി മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചുവെന്ന വാർത്ത വരുന്നത്.
എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 6 ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഈ സംവിധാനം ലഭ്യമാണ്. പത്തനംതിട്ട, എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബുകളില്‍ ഒരാഴ്ചയ്ക്കകം ഈ സംവിധാനം സജ്ജമാക്കുന്നതാണ്.