ജീവിതമാണ് ലഹരി; 21 കിലോമീറ്റർ മാരത്തോണിൽ സ്റ്റാറായി കൊച്ചി സിറ്റി കമ്മീഷ്ണർ പുട്ട വിമലാദിത്യ

കൊച്ചി: എല്ലാ മനുഷ്യരും ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് നല്ലതാണെന്ന് കൊച്ചി സിറ്റി കമ്മീഷ്ണർ പുട്ട വിമലാദിത്യ. ജീവിതകാലം മുഴുവൻ ഏതെങ്കിലുമൊരു കായിക വിനോദം പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ 21 കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ പോലീസിന് എപ്പോഴും താൽപര്യമുണ്ട്. ലഹരിക്കെതിരെ പോരാട്ടം നടക്കുന്ന സമയമാണിത്. ഡ്രഗ്ഗ് ഉപേക്ഷിക്കാൻ സമൂഹത്തെ പ്രേരിപ്പിച്ചും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിച്ചുമാണ് പോരാട്ടം തുടരുന്നത്. പോലീസ് ടീം എല്ലാ മാരത്തോണുകളിലും പങ്കെടുക്കുന്നുണ്ട്. ഓൾ ഇന്ത്യ പോലീസ് സ്പോർട്സ് മീറ്റ് അടുത്ത് വരികയാണ്. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നീ മത്സരങ്ങൾ നടക്കുന്നത് കൊച്ചിയിലാണ്.” കമ്മീഷ്ണർ പറഞ്ഞു.
“കേരളത്തിൽ ലഹരി കേസുകൾ വർദ്ധിച്ചു വരുന്നുണ്ട്. ജനങ്ങൾ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ട സമയാണ്. കൊവിഡിന് ശേഷം ആളുകൾ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ദിവസവും ചിട്ടയോടെ ആരോഗ്യം പരിപാലിക്കേണ്ടതുണ്ട്. ഓരോരുത്തരും അവരവരുടെ ആരോഗ്യത്തിനനുസരിച്ച് വ്യായാമം ക്രമപ്പെടുത്തേണ്ടണം. ചെറുപ്പക്കാർ തങ്ങളുടെ ശ്രദ്ധ ഇത്തരം നല്ല കാര്യങ്ങൾക്കായി വിനിയോഗിച്ചാൽ നല്ലൊരു ഭാവി രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. കൂടാതെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുകയും ചെയ്യാം. അതിരാവിലെ എഴുന്നേറ്റ് ഓടാൻ തുടങ്ങിയാൽ നിങ്ങളുടെ ദിവസങ്ങളെ വിജയകരമാക്കി തീർക്കാൻ സാധിക്കും.”
“കേരളത്തിൽ കായിക മേഖലയിൽ നിന്നുള്ള ആളുകൾ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നാണ് ഫെഡറൽ ബാങ്ക് മാരത്തോൺ. അതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കൊച്ചിയിൽ ഓടാനെത്തിയിട്ടുണ്ട്.”
“സമൂഹത്തിന്റെ പല മേഖലയിൽ നിന്നുള്ള ആളുകൾ മാരത്തോണിൽ പങ്കാളികളായിട്ടുണ്ട്. ഐടി മേഖലയിൽ നിന്നുള്ളവരും ബിസിനസ് ചെയ്യുന്നവരും വിദ്യാർത്ഥികളും ഡോക്ടർമാരും അങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഇതിൽ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരിൽ പലരെയും പരിചയപ്പെടാനും കഴിഞ്ഞു.” പുട്ട വിമലാദിത്യ പറഞ്ഞു.