കുഞ്ഞു രഞ്ജിത ഇനി കേരളത്തിന്റെ മകള്‍; സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും

ബേബി ഓഫ് രഞ്ജിത ഇനി കേരളത്തിന്റെ മകള്‍. ജാര്‍ഖണ്ഡ് ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. അച്ഛനമ്മമാര്‍ തനിച്ചാക്കിയ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
ശിശുവിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. കുഞ്ഞിന്റെ തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടും നിര്‍ദേശിച്ചു. മാതാപിതാക്കള്‍ തിരിച്ചു വരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്കു കൈമാറും. ഇല്ലെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയില്‍ നിന്ന് ഇന്ന് രാവിലെ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.