ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്യുസിസി ആവശ്യപെട്ടതായി മന്ത്രി പി രാജീവ്
ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിമൺ ഇൻ സിനിമാ കളക്ടീവ് ആവശ്യപെട്ടതായി നിയമമന്ത്രി പി രാജീവ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമർശം. കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപെട്ട് ഡബ്യുസിസി അംഗങ്ങളുമായി ചർച്ച നടത്തിയെന്ന് പറഞ്ഞ മന്ത്രി, ഈ ചർച്ചയിൽ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ഇവർ ആവശ്യപ്പെട്ടെന്ന് മന്ത്രി പറയുന്നു.
ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മൊഴി നൽകിയ പലരും അവരുടെ സ്വകാര്യത ലംഘിക്കപെടുമോ എന്ന് ഭയപ്പെടുന്നുണ്ട്. റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം പരസ്യപ്പെടുത്തരുതെന്നായിരുന്നു ഡബ്യുസിസി ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടിലെ നിഗമനങ്ങൾ പുറത്തു വിടാനും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള നിയമനിർമാണം നടത്തുന്നതിൽ സർക്കാർ മുൻകൈ എടുക്കണമെന്നാണ് ഡബ്യൂസിസി ആവശ്യപെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, മന്ത്രിയുടെ പരാമർശത്തോട് പ്രതികരണവുമായി ഡബ്യുസിസി അംഗം ദീദി ദാമോദരൻ രംഗത്തെത്തി. നിയമ മന്ത്രിയുടെ പരാമർശം തെറ്റാണെന്ന് ദീദി മാധ്യമങ്ങളോട് പറഞ്ഞു. അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടാകുമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട്
പരസ്യപ്പെടുത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ദീദി അറിയിച്ചു. രേഖാമൂലമാണ് ഇവർ ആവശ്യം ഉന്നയിച്ചതെന്നും ദീദി പറയുന്നു.
കമ്മീഷനിൽ മൊഴി നൽകിയ ആളുകളുടെ വിവരങ്ങൾ പുറത്തു വരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും പരാതി പറയുന്ന ആളുകളുടെ പേരുകൾ പുറത്തു വരുന്നത് മോശമായ കാര്യമാണെന്നും ദീദി വ്യക്തമാക്കി. കമ്മിറ്റി അന്വേഷിച്ച കണ്ടെത്തലുകൾ പുറത്തു വരണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ദീദി പറയുന്നു. വിഷയത്തിൽ ഇതുവരെ സിനിമാ സംഘടനകളിൽ നിന്ന് നീതി ലഭിച്ചില്ലെന്നും ഇവർ പറയുന്നു. ഈ വിഷയം ചർച്ച ചെയ്യാനായി ഡബ്യുസിസി ഉടൻ തന്നെ ഓൺലൈൻ യോഗം ചേരുമെന്നും ദീദി പറഞ്ഞു.
Content Highlight: WCC asked not to publish Hema Commission report, says P Rajeev