പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരേ ബോംബേറ്; പിന്നിൽ സിപിഐ എം എന്ന് കോൺഗ്രസ്
കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേ ബോംബേറ്. സ്ഫോടനത്തിൽ ഓഫീസിൻ്റെ ജനൽച്ചില്ലുകളും വാതിലുകളും തകർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു ആക്രമണം.
ബോംബിന്റെ അവശിഷ്ടങ്ങൾ ഓഫിസിൽ നിന്ന് കണ്ടെത്തി. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വടക്കൻ കേരളത്തിൽ വലിയ പ്രതിഷേധമാണ് ഇന്നലെ മുതൽ നടക്കുന്നത്. രാത്രി വൈകിയും നടന്ന പല പ്രാദേശിക പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളിലേയ്ക്കും അക്രമത്തിലേയ്ക്കും വഴിമാറിയിരുന്നു.
വടകര വള്ള്യാട് പ്രിയദർശിനി ബസ് സ്റ്റോപ്പും കോൺഗ്രസ് കൊടിമരവും നശിപ്പിച്ചു. കണ്ണൂർ പയ്യന്നൂരിൽ കാറമേൽ പ്രിയദർശിനി യൂത്ത് സെന്റർ അടിച്ചുതകർത്തു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ്.
Content Highlight: Perambra Congress office attack