വിരട്ടാന്‍ നോക്കേണ്ട, ഏതു കൊലകൊമ്പന്‍ പിന്നിലുണ്ടെങ്കിലും നടപടിയെടുക്കും; മുഖ്യമന്ത്രി
ലൈസന്‍സില്ലാത്ത നാക്കുകൊണ്ട് എന്തും വിളിച്ചു പറയാമെന്ന നിലയല്ല നാട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിരട്ടാനൊക്കെ നോക്കി. അതങ്ങ് വേറെ വെച്ചാല്‍ മതി. അതൊന്നും ഇവിടെ ചെലവാകില്ല. ഈ നാടിന് ഒരു സംസ്കാരമുണ്ട്. അത് മാറ്റി ഭിന്നത വളര്‍ത്തിക്കളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരുടെ പിന്നില്‍ ഏതു കൊലകൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടിയെടുത്ത് മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കെജിഒഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏതു തരത്തിലുള്ള പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ല. വിരട്ടല്‍ ഇങ്ങോട്ടു വേണ്ട. അങ്ങനെ ഇളക്കിക്കളയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ്ണ വിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. നാടിന്റെ സംസ്കാരത്തിന് എതിരായി ലൈസന്‍സില്ലാതെ എന്തും പറയാമെന്ന് വെച്ചാല്‍ നടക്കില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ നടപടികളിലൂടെ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗ്ഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് മതനിരപേക്ഷതയെ സംരക്ഷിക്കാനാവില്ല. താല്‍ക്കാലിക ലാഭത്തിനു വേണ്ടി വര്‍ഗ്ഗീയ ശക്തികളുമായി കൂടാമെന്ന് വിചാരിച്ചാല്‍ അത് നാടിനും രാജ്യത്തിനും ആപത്ത് മാത്രമാണുണ്ടാക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Pinarayi Vijayan, Chief Minister, Kottayam, Kerala Politics