കറുത്ത ചുരിദാറണിഞ്ഞതിന് പോലീസ് തടഞ്ഞുവച്ച സംഭവം; യുവതിയുടെ ഹര്‍ജി ഇന്നു പരിഗണിക്കും
നവകേരള സദസ് കാണാൻ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന്റെ പേരില്‍ പോലീസ് തടഞ്ഞത് ചോദ്യം ചെയ്ത് യുവതി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കൊല്ലം തലവൂര്‍ സ്വദേശിനി അര്‍ച്ചനയാണ് ഹര്‍ജി നല്‍കിയത്. വലിയ മാനസിക സമ്മര്‍ദ്ദമാണ് അനുഭവിച്ചതെന്നും തനിക്ക് നേരിട്ട് മാനഹാനിക്ക് നഷ്ടപരിഹാരം നല്കാൻ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഡിസംബര്‍ 18 ന് കൊല്ലത്തെ നവകേരള സദസ് വേദിയില്‍ ഭര്‍ത്താവിന്റെ അമ്മയുമൊത്താണ് യുവതി എത്തിയത്. എന്നാല്‍ കറുത്ത വസ്ത്രമണിഞ്ഞതിന്റെ പേരില്‍ കുന്നിക്കോട് പോലീസ് ഏഴുമണിക്കൂറിലേറെ തടഞ്ഞുവച്ചെന്നാണ് അര്‍ച്ചനയുടെ പരാതി.
ഭര്‍ത്താവ് ബിജെപി നേതാവായതുകൊണ്ടാണ് കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് അര്‍ച്ചന പറഞ്ഞിരുന്നു.