ഷഹാന തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്; കയര്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക്
കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തിയ മോഡൽ ഷഹാനയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. ഷഹാനയുടെ മരണകാരണം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധന നടന്നുവരികയാണ്. തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന കയര്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം. മൃതദേഹം കണ്ടെത്തിയ വീട്ടിലാണ് കോഴിക്കോട്ട് ഫോറൻസിക് ലാബിലുള്ള വിദഗ്ധരുടെ സംഘം പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഷഹാനയെ പറമ്പിൽ ബസാറിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഷഹാനയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടക്കുന്നത്.
മോഡലും നടിയുമായ ഷഹാനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദ് ലഹരിക്ക് അടിമയെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഫുഡ് ഡെലിവറിയുടെ മറവില്‍ സജ്ജാദ് ലഹരി കച്ചവടം നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയായ സജ്ജാദിനെ ഷഹാന ദുരൂഹ സാഹചര്യത്തില്‍ മരിച്ച പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ എത്തിച്ച് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി മരുന്നുകള്‍ എത്തിക്കുന്ന സംഘത്തിന്റെ കണ്ണിയാണെന്നും പൊലീസ് പറയുന്നു.
സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജ്ജാദിനെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് സജ്ജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജ്ജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജ്ജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പില്‍ ബസാറില്‍ ഒന്നര മാസമായി ഷഹാനയും ഭര്‍ത്താവും വാടകക്ക് താമസിക്കുകയായിരുന്നു.
Content Highlight: Post mortem suggests model Shahana’s death by hanging.