അഞ്ച് കിലോമീറ്ററിന് 20 രൂപ, എസി യാത്ര; കൊച്ചിയിൽ ഇനി മെട്രോ കണക്ട് ബസുകൾ
വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള മെട്രോ കണക്ട് ഇലക്ട്രിക് ബസുകൾ അടുത്ത ആഴ്ച മുതൽ സർവീസ് തുടങ്ങും. 15 ഇലക്ട്രിക് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. നേരത്തേ വിവിധ റൂട്ടുകളിലേക്ക് നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കളമശേരി – മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട് – എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര – കെപി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍ മെട്രോ – ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രാ പാര്‍ക്ക്, കളക്ടറേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസാണ് മെട്രോ കണക്ടിനായി സർവീസ് നടത്തുന്നത്. ആലുവ – എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍ – ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ കൊച്ചി മെട്രോക്കായി സര്‍വീസ് നടത്തുന്നത് എന്ന് കെഎംആർഎൽ മനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഡിജിറ്റല്‍ പേയ്മെൻ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ്. ക്യാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും റുപേ, ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്മെൻ്റ് നടത്താം.