ചരിത്രനേട്ടവുമായി സിയാൽ; ഉയർന്ന ലാഭം 500 കോടി കടന്നു
കൊച്ചിൻ അന്തരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് ലാഭത്തിൽ റെക്കോർഡ്. കമ്പനിയുടെ ചരിത്രത്തിലാദ്യമായി സിയാലിന്റെ ലാഭം 500 കോടി കടന്നു. മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ചെയർമാനായ ആദ്യ ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ ഭാവി പദ്ധതികൾക്ക് രുപം നൽകി. മറ്റു വിമാനത്താവളങ്ങൾക്കുള്ള കൺസൾട്ടൻസി സർവീസാണ് ഇതിൽ പ്രധാനം. നിക്ഷേപകർക്ക് 55% ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തു.
2025-26 സാമ്പത്തിക വർഷത്തിൽ 1220 കോടി രൂപ സിയാൽ മൊത്തവരുമാനം നേടി. മുൻവർഷത്തേക്കാൾ 6.6 ശതമാനമാണ് വർധനവ്. അറ്റാദായം 499 കോടി രൂപയിൽ നിന്ന് 502 കോടിയായി ഉയർന്നു. സിയാലിന്റെ ചരിത്രത്തിലാദ്യമായാണ് ലാഭം 500 കോടി കടക്കുന്നത്. നിക്ഷേപകർക്ക് 55 % ലാഭവിഹിതമാണ് ഡയറക്ടർ ബോഡ് ശുപാർശ ചെയ്തത്. സെപ്റ്റംബറിൽ നടക്കുന്ന നിക്ഷേപകരുടെ വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിന് വിധേയമാണിത്.
രാജ്യത്തെ വ്യോമയാന രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ 50,000 കോടി രൂപയിലധികം അടിസ്ഥാന സൗകര്യ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാധ്യത മുന്നിൽ കണ്ടാണ് വിമാനത്താവള കൺസൾട്ടൻസി മേഖലയിലേക്ക് സിയാൽ മുന്നിട്ടിറങ്ങുന്നത്.












