എന്റെ തെറ്റാണ്, തെറി ഒരിക്കലും പറയാന്‍ പാടില്ലായിരുന്നു; മാപ്പുപറഞ്ഞ് ശ്രീനാഥ് ഭാസി
ഇന്റര്‍വ്യൂവിനിടെ അവതാരകയെയും സംഘത്തെയും അസഭ്യം പറഞ്ഞ സംഭവത്തില്‍ മാപ്പുപറഞ്ഞ് നടന് ശ്രീനാഥ് ഭാസി. തെറി ഒരിക്കലും പറയാന്‍ പാടില്ല. എന്റെ തെറ്റാണ്. ഇതൊക്കെ കേട്ട് തമാശയാണെന്ന് കരുതി ഞാന്‍ മിണ്ടാതിരിക്കണമായിരുന്നുവെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. പ്രമോഷന്റെ ഭാഗമായി ഒരു ദിവസം 25 ഇന്റര്‍വ്യൂ വരെ നടത്തേണ്ടിയിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലം സംഭവിച്ചുപോയതാണ്. മനപ്പൂര്‍വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഭാസി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് നടന് ക്ഷമാപണം നടത്തിയത്.
‘ചട്ടമ്പി എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. ആദ്യമായാണ് ഇത്രയും വലിയൊരു റോള്‍ ലഭിക്കുന്നത്. അതിനാല്‍ തന്നെ പ്രമോഷന് പരിപാടികള്‍ ഒന്നുപോലും ഒഴിവാക്കാതെ എല്ലായിടങ്ങളിലും നേരിട്ട് പങ്കെടുക്കുകയായിരുന്നു. ഉറക്കക്കുറവ് മൂലം നല്ല മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതിനിടെ സിനിമയുടെ ഡബ്ബിങ്ങും ചെയ്യണമായിരുന്നു. ഇതിനിടെ ഇന്റര്‍വ്യൂവില്‍ വന്നിരിക്കുമ്പോള്‍ ഭാസി ലേറ്റ് ആണല്ലോ, മെരുക്കാന്‍ ഞങ്ങള്‍ രണ്ടുപേരുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ദേഷ്യമാണുണ്ടാക്കിയത്. അങ്ങനെ പറ്റിപ്പോയതാണ്. തെറി ഒരിക്കലും പറയാന്‍ പാടില്ല. എന്റെ തെറ്റാണ്. ഭാസി പറഞ്ഞു.
ആരും തന്നോട് മാപ്പ് പറയാന്‍ പറഞ്ഞിട്ടില്ല. അവര്‍ നേരെ കേസ് കൊടുക്കുകയാണ് ചെയ്തത്. എവിടെ വേണമെങ്കിലും പോയി മാപ്പ് പറയാന്‍ തയ്യാറാണെന്നും നടന് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഇന്റര്‍വ്യൂവിനിടെയായിരുന്നു വിവാദത്തിന് കാരണമായ സംഭവമുണ്ടായത്. അവതാരകയുടെ ചോദ്യത്തില്‍ പ്രകോപിതനായ ശ്രീനാഥ് ഭാസി ക്യാമറകള്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട ശേഷം അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. അവതാരക വിഷയത്തില്‍ പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പോലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ഉള്‍പ്പെടെ ചുമത്തിക്കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. ചട്ടമ്പി സിനിമയുടെ പ്രമോഷന് അഭിമുഖത്തിനിടെ നടന് ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് കേസ്. ശ്രീനാഥ് ഭാസിയെ പൊലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. തനിക്കൊപ്പമുണ്ടായിരുന്ന ക്യാമറ സംഘത്തെയും നടന് അസഭ്യം പറഞ്ഞതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.