ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ വീണ്ടും ലേലം ചെയ്തു; ഇത്തവണ 43 ലക്ഷം രൂപയ്ക്ക്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ വീണ്ടും ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്കാണ് ലേലം. ദുബായില്‍ വ്യവസായിയായ വിഘ്നേഷ് വിജയകുമാര്‍ ആണ് വാഹനം ലേലത്തില്‍ പിടിച്ചത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് വിഘ്നേഷ്. 2021 ഡിസംബര്‍ 4ന് മഹീന്ദ്ര ഗ്രൂപ്പ് കാണിക്കയായി നല്‍കിയതാണ് ഈ വാഹനം. 15 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ആദ്യ റൗണ്ടില്‍ ലേലത്തുക കടന്നിരുന്നു. പിന്നീട് 40.50 ലക്ഷവും ഒടുവില്‍ 43 ലക്ഷവുമായി ലേലത്തുക ഉയരുകയും ഈ തുകയില്‍ ലേലം ഉറപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 18ന് വാഹനം ലേലം ചെയ്തിരുന്നു. അന്ന് ദുബായില്‍ വ്യവസായിയായ ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലി എന്നയാളാണ് ലേലം പിടിച്ചത്. ലേലത്തിന് ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു. അടിസ്ഥാന വിലയായി നിശ്ചയിച്ച 15 ലക്ഷം രൂപയില്‍ നിന്ന് 10,000 രൂപ കൂട്ടി വിളിച്ച അമലിന് ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും പിന്നീട് പരാതികള്‍ ഉയര്‍ന്നതോടെ ലേലം റദ്ദാക്കുകയായിരുന്നു. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടി ലേലം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നായിരുന്നു പരാതി.
ഹിന്ദു സംഘടനകള്‍ നല്കിയ പരാതി ഹൈക്കോടതിയിലും എത്തിയിരുന്നു. ലേലം താല്ക്കാലികമായ ഉറപ്പിച്ച ദിവസം തന്നെ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വന്നേക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് പ്രതികരിച്ചിരുന്നു. ചുവന്ന കളറിലുള്ള ഡീസല്‍ ലിമിറ്റഡ് എഡിഷന് മോഡലാണ് മഹീന്ദ്ര ഗ്രൂപ്പ് ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.
Content Highlights: Mahindra Thar, Guruvayur Temple, Auction