തൃപ്പൂണിത്തുറ അപകടം; രണ്ടു പേര് അറസ്റ്റില്‍
തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ഇടിച്ച് കുഴിയിലേക്ക് പതിച്ച് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. പിഡബ്ല്യുഡി ഓവര്‍സിയര്‍ ഇരുമ്പനം വേലിക്കകത്ത് വീട്ടില്‍ സുമേഷ്, കരാറുകാരനായ മൂവാറ്റുപുഴ പണ്ടപ്പിള്ളി വര്ക്കിച്ചന് വള്ളമറ്റം എന്നിവരെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
കേസില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റെജീന ബീവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പിയൂഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത, ഓവര്‍സീയര്‍ സുമേഷ് എന്നിവരെ ഞായറാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണ വിധേയമായി ഇവരെ സസ്പെന്‍ഡ് ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഏരൂര്‍ വാലത്ത് വിഷ്ണു (28) ആണ് മരിച്ചത്. സുഹൃത്ത് ആദര്‍ശ് ചികിത്സയിലാണ്. മാര്‍ക്കറ്റ് റോഡില്‍ അന്ധകാരത്തോടിന് കുറുകെ നിര്‍മിക്കുന്ന പാലമാണ് അപകടത്തിന് ഇടയാക്കിയത്. നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തിന്റെ രണ്ടു വശവും റോഡുമായി ബന്ധമില്ലാത്തതിനാല്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. നിര്‍മാണം നടക്കുന്നതായും റോഡ് അടച്ചിരിക്കുന്നതായും മുന്നറിയിപ്പുകള്‍ ഇവിടെയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്.
Content Highlights: Thrippunithura, Accident, Bridge, PWD, Arrest