ക്രീം ബണ്ണില്‍ ക്രീം ഇല്ലെന്നാരോപിച്ച് ബേക്കറിയുടമയുടെ കൈ തല്ലിയൊടിച്ചു; കുടുംബാംഗങ്ങൾക്കും പരിക്ക്
ക്രീം ബണ്ണില്‍ ക്രീം ഇല്ലെന്നാരോപിച്ച് കടയുടമയ്ക്ക് നേരെ ആക്രമണം. അതേ ബേക്കറിയിൽ നിന്നും ചൂടില്ലാത്ത ചായ വാങ്ങിക്കുടിച്ചെന്നാരോപിച്ച് 95 വയസുള്ള വയോധികനെയും സംഘം ആക്രമിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കോട്ടയം ജില്ലയിലെ വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ബേക്കറിയിലാണ് സംഭവം ഉണ്ടായത്.
ആറു പേര് സംഘം ചേര്‍ന്ന് ബേക്കറിയില്‍ എത്തുകയായിരുന്നു. യുവാക്കള്‍ വാങ്ങിയ ക്രീം ബണ്ണില്‍ ക്രീം ഇല്ലെന്ന് പറഞ്ഞ് ഇവർ കടയുടമയുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കടയുടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. പിന്നീട് അവിടെ ചായകുടിച്ചുകൊണ്ടിരുന്ന വേലായുധന് എന്ന വയോധികനെ ആക്രമിച്ച് ഇടുപ്പെല്ലിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കടയുടമയിൽ നിന്നും ചൂടില്ലാത്ത ചായവാങ്ങിക്കുടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവര്‍ മറവന്‍തുരത്ത് സ്വദേശികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Content Highlight – The shop owner and his family were attacked claiming there was no cream in the cream bun