റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ കുഴഞ്ഞു വീണു
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞു വീണു. ചടങ്ങില്‍ ഗവര്‍ണറുടെ അടുത്തു നില്‍ക്കുകയായിരുന്നു കമ്മീഷണര്‍. ഉടന്‍ തന്നെ കമ്മീഷണറെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
റിപ്പബ്ലിക് ദിന ചടങ്ങില്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ഗവര്‍ണര്‍ക്ക് സമീപമായിരുന്നു കമ്മീഷണര്‍ നിന്നിരുന്നത്. തൊട്ടടുത്ത് തന്നെ ജില്ലാ കലക്ടര്‍ അനുകുമാരിയും ഉണ്ടായിരുന്നു. ഗവര്‍ണര്‍ പ്രസംഗിക്കാന്‍ തുടങ്ങുമ്പോഴാണ് കമ്മീഷണര്‍ കുഴഞ്ഞു വീഴുന്നത്. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥരും അടക്കം കമ്മീഷണറെ താങ്ങിയെടുത്തു.
പ്രാഥമിക ശുശ്രൂഷ നല്കാന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കമ്മീഷണര്‍ പെട്ടെന്ന് കുഴഞ്ഞു വീഴാനുള്ള കാരണം വ്യക്തമല്ല.