ഇത്തവണ വട്ടിയൂർക്കാവ് തന്നെ വേണമെന്ന് കെ സുരേന്ദ്രൻ, നടൻ കൃഷ്ണകുമാറും രംഗത്ത്; ആർ ശ്രീലേഖ തിരുവനന്തപുരത്ത് വാർഡ് മെമ്പറായി തന്നെ തുടരേണ്ടി വരും??
നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുളള ആളുകളുടെ എണ്ണം കൂടിവരികയാണ്. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറും ലക്ഷ്യം വെക്കുന്നത് വട്ടിയൂർക്കാവാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും പ്രാദേശിക നേതാക്കളുമായും ജനങ്ങളുമായും അടുത്ത ബന്ധമാണുളളതെന്നും ജി കൃഷ്ണകുമാര്‍ പറയുന്നു. താന്‍ ജീവിക്കുന്നത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണെന്നും നാച്ചുറല്‍ കാന്‍ഡിഡേറ്റ് എന്ന നിലയില്‍ തന്റെ പേര് ഉയര്ന്നുവന്നേക്കുമെന്നും, എന്നാൽ പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ 25 വര്‍ഷമായി ജീവിക്കുന്നത് വട്ടിയൂര്‍ക്കാവിലാണ്. എന്റെ പ്രവര്‍ത്തനമണ്ഡലമാണ് ഇത്. കൃഷ്ണകുമാര്‍ അവിടെ പോയി മത്സരിക്കണം എന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതുപോലെ അനുസരിക്കണം. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ സന്തുഷ്ടനായിരിക്കും. ഞാനല്ലെങ്കിലും പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നും ജി കൃഷ്ണകുമാര്‍ പറഞ്ഞു. ബിജെപി തിരുവനന്തപുരത്ത് മൂന്നിലധികം സീറ്റുകളില്‍ വിജയിക്കുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കൃഷ്ണകുമാര്‍ പറഞ്ഞു.
ബിജെപിക്ക് ഏറെ മുന്‍തൂക്കമുളള വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനായി മുതിര്‍ന്ന നേതാക്കളും ചരടുവലി തുടങ്ങിക്കഴിഞ്ഞു. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കിയ ആര് ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു.
2016-ല്‍ കുമ്മനം രാജശേഖരന് മത്സരിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ബിജെപി സാധ്യത കണ്ടെത്തിയത്. സിപിഐഎമ്മിനെ മൂന്നാംസ്ഥാനത്താക്കി ബിജെപി അന്ന് വന്‍ മുന്നേറ്റം നടത്തിയിരുന്നു. കെ മുരളീധരനോട് ഏഴായിർത്തി അറുന്നൂറ്റി ഇരുപത്തി രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും വോട്ട് 20 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ കുമ്മനത്തിനായി.
എന്നാൽ 2019 ആയപ്പോളേക്കും വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പോയി. പിന്നീട് 2021-ല്‍ വി വി രാജേഷ് മത്സരിച്ച് ബിജെപിയെ രണ്ടാംസ്ഥാനത്തേക്ക് എത്തിച്ചിരുന്നു. സുരേന്ദ്രനും ശ്രീലേഖയ്ക്കും പിന്നാലെ കൃഷ്ണകുമാറും രംഗത്തെത്തിയതോടെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇനി നിര്‍ണായകമാകും.
ആർ.ശ്രീലേഖയുടെ പേരാണ് ആദ്യം പരിഗണനയിൽ വന്നിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ താത്പര്യം അറിയിച്ചതോടെ ആർ.ശ്രീലേഖ ഒന്ന് ഇടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ കൃഷ്ണകുമാറും പരസ്യമായി രംഗത്തെത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപിക്കുണ്ടായ മുന്നേറ്റം തന്നെയാണ് നേതാക്കളെ വട്ടിയൂർക്കാവിലേക്ക് ആകർഷിക്കുന്നത്. തുടർന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പും അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പും ബിജെപിയെ മണ്ഡലത്തിൽ ഒന്നാമതെത്തിച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട വട്ടിയൂർക്കാവിൽ രാജീവ് ചന്ദ്രശേഖർ ശശി തരൂരിനേക്കാൾ എട്ടായിരത്തിലധികം വോട്ടുകൾക്ക് ലീഡ് നേടിയിട്ടുണ്ട്. സിപിഎം ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിലെ 22 വാർഡുകളിൽ 11 എണ്ണം ബിജെപിക്ക് ഒപ്പമാണ് നിന്നത്. യുഡിഎഫ് ഒൻപത് വാർഡ് നേടിയപ്പോൾ എൽഡിഎഫ് നാലിലേക്ക് ചുരുങ്ങുകയും ചെയ്തു. ഈ കണക്കുകളാണ് ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന വട്ടിയൂർക്കാവിലേക്ക് നേതാക്കളെ മോഹിപ്പിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം ലഭിക്കാത്ത ശ്രീലേഖയെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർഥിയാക്കാമെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം. എന്നാൽ സുരേന്ദ്രൻ താത്പര്യം പ്രകടിപ്പിച്ചതോടെ രണ്ടാമത്തെ വാഗ്ദാനവും നടപ്പിലാക്കാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെയാണ് ശ്രീലേഖ പരസ്യപ്രതികരണവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. മേയറാക്കാമെന്നുള്ള ഉറപ്പിലാണ് മത്സരിക്കാനിറങ്ങിയതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതു വിവാദമായതോടെ മേയർസ്ഥാനം കിട്ടാത്തതിൽ അതൃപ്തിയില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കൗൺസിലറായി തുടരുമെന്നും ശ്രീലേഖ നിലപാട് മാറ്റുകയും ചെയ്തു. വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള പ്രതീതി ഉയർത്തി സിറ്റിങ് എംഎൽഎ വി.കെ.പ്രശാന്തുമായി ശ്രീലേഖ ഒന്ന് കൊമ്പുകോർക്കുകയും ചെയ്തിരുന്നു.
പാലക്കാടാണ് സുരേന്ദ്രനെ പാർട്ടി പരിഗണിക്കാനിരുന്നത്. എന്നാൽ വട്ടിയൂർക്കാവില്ലെങ്കിൽ ഇത്തവണ മത്സര രംഗത്തേക്കില്ലെന്നാണ് സുരേന്ദ്രനുമായി അടുപ്പമുള്ളവർ പറയുന്നത്. നിരവധിതവണ പാർട്ടിക്കു വേണ്ടി മത്സരിച്ച് വോട്ടുയർത്തിയ നേതാവാണ് സുരേന്ദ്രൻ. ഇത്തവണ വിജയസാധ്യതയുള്ള ഒരു മണ്ഡലംതന്നെ വേണമെന്നാണ് അവരുടെ നിലപാട്. ഇതോടെ ശ്രീലേഖയ്ക്ക് വാക്കുകൊടുത്ത നേതാക്കളും വെട്ടിലായി. കൃഷ്ണകുമാറും പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടി ദേശീയ നേതാക്കളാകും ഇനി കാര്യങ്ങൾ തീരുമാനിക്കുന്നത്.













