മരുമകൻ വീട്ടിൽ കഞ്ചാവ് വളർത്തി; ബിജെപി പട്ടികജാതി മോർച്ച ജില്ലാ അധ്യക്ഷൻ രാജിവെച്ചു
വീട്ടിൽ പച്ചക്കറി കൃഷിയുടെ ഇടയിൽ കഞ്ചാവ് ചെടികൾ വളർത്തിയ സംഭവത്തിൽ പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വിളപ്പിൽ സന്തോഷിന്റെ മകളുടെ ഭർത്താവ് വിളപ്പിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ രഞ്ജിത്തിനെ (33) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് സന്തോഷ് പാർട്ടി ഔദ്യോഗിക പദവി രാജിവെച്ചു.
പച്ചക്കറി കൃഷിക്ക് ഇടയിലായി 2 പ്ലാസ്റ്റിക് പാത്രങ്ങളിൽ ആണ് രഞ്ജിത്ത് 17 കഞ്ചാവ് ചെടികൾ വളർത്തിയത്. സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. പൊലീസിന്റെ ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
മരുമകൻ അറസ്റ്റിലായതിന് പിന്നാലെ, താൻ പട്ടികജാതി മോർച്ചയുടെ ജില്ല അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. “വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല. SC മോർച്ച ജില്ലാ പ്രസിഡൻറ് സ്ഥാനം രാജി വച്ചു.” എന്നായിരുന്നു സന്തോഷിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഇന്നലെ രാവിലെ പന്ത്രണ്ടോടെയാണ് സന്തോഷിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളുമായി രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. തൊട്ടുപിന്നാലെ ബിജെപി നേതാവ് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിനു അറസ്റ്റിലായി എന്ന വാർത്ത പരന്നു. സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. ഇതോടെ താൻ നിരപരാധിയാണെന്നും മകളുടെ ഭർത്താവിനെയാണ് പിടികൂടിയതെന്നും ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി സന്തോഷ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് മലയിൻകീഴ് ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥിയായിരുന്നു സന്തോഷ്.
കാട്ടാക്കട ഡിവൈഎസ്പി കെ.എസ്.പ്രശാന്ത്, വിളപ്പിൽശാല ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ, എസ്ഐ അനിൽ കുമാർ, ഷാഡോ ടീം അംഗങ്ങളായ എഎസ്ഐ സുനിൽലാൽ, നെവിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.