വിസ്മയ കേസിന്റെ നാള്വഴികള് – വീഡിയോ
കേരളം ഏറെ ചര്ച്ച ചെയ്ത വിസ്മയ കേസില് ഭര്ത്താവായ പ്രതി കിരണ്കുമാര് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കൊല്ലം അഡീഷണല് സെഷന്സ് കോടതിയാണ് കിരണ്കുമാര് കുറ്റക്കാരനെന്ന് വിധിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്.
കൊല്ലം നിലമേല് സ്വദേശിയായ വിസ്മയ ഭര്തൃവീട്ടില് നേരിട്ട സ്ത്രീധന പീഡനത്തിന്റെ നിരാശയില് കഴിഞ്ഞ വര്ഷം ജൂണ് 21നാണ് ജീവനൊടുക്കിയത്. തുടര്ന്ന് നടന്ന അന്വേഷണത്തിലാണ് വിസ്മയയുടെ മരണത്തിലേക്ക് നയിച്ച സ്ത്രീധന പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള് പുറത്തു വന്നത്.
വിസ്മയ കേസിന്റെ നാള്വഴികള് പരിശോധിക്കാം:
2020 മെയ് 31: വിസ്മയയുടേയും കിരണ്കുമാറിന്റെയും വിവാഹം.
സ്ത്രീധനമായി നല്കിയത് 100 പവന് സ്വര്ണം, ഒന്നരയേക്കര് ഭൂമി, പത്ത് ലക്ഷത്തിന്റെ കാര്.
2021 ജൂണ് 21: പുലര്ച്ചെ കിരണ്കുമാറിന്റെ കൊല്ലത്തെ പോരുവഴിയിലെ വീട്ടില് വിസ്മയയെ മരിച്ച നിലയില് കണ്ടെത്തി. കുളിമുറിയുടെ ജനലഴിയില് തൂങ്ങിമരിച്ച നിലയിലായിരുന്നു വിസ്മയയെ കണ്ടെത്തിയത്.
വിസ്മയയുടെ കുടുംബം മരണത്തില് അസ്വഭാവികത ആരോപിച്ചു. അന്ന് വൈകുന്നേരം തന്നെ ഭര്ത്താവ് കിരണ്കുമാര് പൊലീസില് കീഴടങ്ങി.
2021 ജൂണ് 22: കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്ന്ന് സബ്ജയിലിലേക്ക് മാറ്റി.
2021 ജൂണ് 29: കിരണിന്റെ വീട്ടില് ഫോറന്സിക് സംഘം പരിശോധന നടത്തി.
2021 ജൂലൈ 9: അന്വേഷണം സ്റ്റേ ചെയ്യണമെന്ന കിരണിന്റെ ആവശ്യം കോടതി തള്ളി.
2021 ആഗസ്റ്റ് 1: അഡ്വ. ജി മോഹന്രാജ് കേസില് സ്പെഷ്യല് പ്രോസിക്യൂട്ടറായി.
2021 ആഗസ്റ്റ് 6: അസി. മോട്ടാര് വെഹിക്കിള് ഇന്സ്പെക്ടര് സ്ഥാനത്ത് നിന്ന് കിരണിനെ പുറത്താക്കി.
2021 സെപ്റ്റംബര് 10: ഫോണ്കോളുകളും വാട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി കുറ്റപത്രം സമര്പ്പിച്ചു.
2022 ജനുവരി 10: കൊല്ലം ഒന്നാം നമ്പര് അഡീഷണല് സെഷന്സ് കോടതിയില് കേസിന്റെ വിചാരണ നടപടികള് തുടങ്ങി. 42 സാക്ഷികള്, 120 രേഖകള്, 12 തൊണ്ടിമുതലുകൾ, ഇതിനു പുറമെ നിര്ണായകമായ ഡിജിറ്റൽ തെളിവുകളും.
ഫോണ് സന്ദേശങ്ങളും വാട്സാപ്പ് സന്ദേശങ്ങളും തെളിവായി പരിഗണിക്കരുതെന്ന് പ്രതിഭാഗം കോടതിയില്
വിചാരണ വേളയില് കിരണിന്റെ കുടുബത്തിലെ അഞ്ച് സാക്ഷികള് കൂറ് മാറി.
2022 മാര്ച്ച് 2: കിരണ് കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
2022 മെയ് 23: വിസ്മയ കേസിലെ ഏകപ്രതി കിരണ്കുമാര് കുറ്റക്കാരനെന്ന് കൊല്ലം അഡീഷനല് സെഷന്സ് കോടതി വിധിച്ചു.
നാല് മാസത്തെ വിചാരണ പൂര്ത്തിയാക്കി കിരണ്കുമാര് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇനി അറിയാനുള്ളത് പ്രതിക്ക് എത്ര വര്ഷത്തെ തടവാണ് കോടതി വിധിക്കുക എന്നാണ്. 2022 മെയ് 24ന് കോടതി ശിക്ഷ വിധിക്കും.
Content Highlight: Vismaya Case summery.