വയനാട് ദുരന്തം: പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് മൂന്നുമണിക്ക് ഓണ്‍ലൈൻ ആയിട്ടാണ് യോഗം ചേരുന്നത്. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും, ആരെ ഏല്പിക്കുമെന്നതിലും തീരുമാനമെടുക്കും.
പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലം നഷ്ടമായവര്‍ക്കാവും ആദ്യപരിഗണന നൽകുന്നത്. വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും. പുനരധിവാസപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്.
വീട് നിർമ്മിക്കാൻ സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എൽസ്റ്റോൺ എസ്റ്റേറ്റിൻറയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ നിയമപരിഹാരം കണ്ടെത്തലിലും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്ത കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവരെ മുഖ്യമന്ത്രി നേരില്‍ കാണും.