കോട്ടയം– കൊല്ലം മെമുവുൽ 16 കോച്ച്; ആവശ്യവുമായി യാത്രക്കാർ

എട്ടിൽക്കുരുങ്ങി യാത്രക്കാർ. ശ്വാസം പോലും ലഭിക്കാതെ യാത്ര. എന്നും വൈകിട്ട് 5.40നു കോട്ടയത്തുനിന്നു പുറപ്പെടുന്ന 66315 കോട്ടയം– കൊല്ലം മെമു ട്രെയിനിലാണു ദുരിതയാത്ര. 8 കോച്ചുകൾ മാത്രമുള്ളതാണ് യാത്രക്കാരെ വലയ്ക്കുന്നത്. കോട്ടയത്തെ ഓഫിസ് ജീവനക്കാരും വിദ്യാർഥികളും അടക്കം യാത്ര ചെയ്യുന്ന ട്രെയിനിൽ പ്രവൃത്തിദിനത്തിൽ അടുക്കാൻ വയ്യാത്ത തിരക്കാണ്. ഓഫിസ് സമയം കഴിഞ്ഞ് ലഭിക്കുന്ന ആദ്യ ട്രെയിൻ എന്ന നിലയിൽ തിരക്കു പല ദിവസങ്ങളിലും നിയന്ത്രണാതീതമാകും. 5.40നു കോട്ടയത്തുനിന്നു പുറപ്പെടുമ്പോൾത്തന്നെ ട്രെയിൻ നിറഞ്ഞുകവിയും.ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽനിന്നു കയറാനാകാത്തത്ര തിരക്കാണ്. ഈ ട്രെയിൻ ഒഴിവാക്കിയാൽ പിന്നാലെ കേരള എക്സ്പ്രസും വേണാട് എക്സ്പ്രസുമാണുള്ളത്. കേരള പലപ്പോഴും സമയം പാലിക്കാറില്ല. വേണാടിൽ വീട് എത്തുമ്പോഴേക്കും ഏറെ വൈകും. 8 കോച്ച് മെമു 16 കോച്ചായി ഉയർത്തിയാൽ പ്രശ്നം പരിഹരിക്കാം. അടുത്തിടെ ആലപ്പുഴ വഴിയുള്ള മെമു ട്രെയിൻ 16 കോച്ച് ആയി ഉയർത്തിയിരുന്നു. കോട്ടയം– കൊല്ലം മെമുവുവിലും 16 കോച്ച് വേണമെന്നാണു യാത്രക്കാരുടെ ആവശ്യം