ബാങ്ക് തട്ടിപ്പ്; പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ബാങ്കിലും പ്രസിഡന്റായിരുന്ന കെ കെ അബ്രഹാം, വായ്പാ വിഭാഗം മേധാവി സജീവന് കൊല്ലപ്പള്ളി, വായ്പ നല്കാന് കൂട്ടുനിന്ന ഉമാ ദേവി എന്നിവരുടെ വീടുകളിലുമാണ് പരിശോധന നടന്നത്. ബാങ്ക് തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്.
2016-17 കാലയളവില്‍ ഏകദേശം 8 കോടി രൂപയുടെ തട്ടിപ്പ് ഈ ഭരണ സമിതി നടത്തിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വായ്പാത്തട്ടിപ്പിന് ഇരയായ രാജേന്ദ്രന് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ. അബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അബ്രഹാമും രമാദേവിയും ഇപ്പോള്‍ റിമാന്‍ഡിലാണ്.
മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് കണക്ക്. തുക തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍നിന്ന് രാജേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. രാജേന്ദ്രന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് അബ്രഹാമിനെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്.