തൃക്കാക്കര നഗരസഭയിൽ 24 അങ്കണവാടികൾ ഇപ്പോഴും വാടക കെട്ടിടത്തിൽ

തൃക്കാക്കര നഗരസഭയിൽ 24 അങ്കണവാടികലാണ് ഇപ്പോഴും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് .അണലിയും പഴുതാരയും തേളുമൊക്കെ അങ്കണവാടികളിൽ സാന്നിധ്യമറിയിക്കുമ്പോഴാണ് ഇത്രയും അങ്കണവാടികൾ സുരക്ഷിതമായി പ്രവർത്തിക്കാൻ സ്വന്തമായി സ്ഥലം തേടുന്നത്. കഴിഞ്ഞ ദിവസം 3 വയസ്സുകാരിയുടെ ദേഹത്ത് അണലി വീണ ഇല്ലത്തുമുകൾ അങ്കണവാടിയുടെ പുതിയ കെട്ടിട നിർമാണം 3 വർഷമായി പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. ആദ്യഘട്ടം അനുവദിച്ച ഫണ്ട് വിനിയോഗിച്ചു തൂണുകളും മേൽത്തട്ടും വാർത്തു.തുടർന്നുള്ള നിർമാണത്തിനു ഫണ്ട് കിട്ടാതെ വന്നതോടെയാണ് പണി നിലച്ചത്. നഗരസഭാ പരിധിയിൽ 59 അങ്കണവാടികളാണ് ആകെയുള്ളത്. ഇതിൽ 31 എണ്ണം സ്വന്തം കെട്ടിടത്തിലാണ്. 4 അങ്കണവാടികളുടെ പുതിയ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ശേഷിക്കുന്ന അങ്കണവാടികളാണ് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. വീടുകളോ, വീടുകളോടു ചേർന്ന കെട്ടിട ഭാഗങ്ങളോ ആണ് അങ്കണവാടികൾക്കായി വാടകക്കെടുക്കുന്നത്.