9.5 ടൺ ഭാരം, 6.5 മീറ്റർ ഉയരം; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ കൂറ്റന്‍ ദേശീയചിഹ്നം അനാച്ഛാദനം ചെയ്ത് മോദി
ഡൽഹിയിൽ പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച അശോക സ്തംഭം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറര മീറ്റർ ഉയരവും 9500 കിലോ ഭാരവുമുള്ള അശോക സ്തംഭം വെങ്കലത്തിലാണ് നിർമിച്ചത്. ഇതിന് താഴെ 6500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിർമിച്ചിട്ടുണ്ട്.
കളിമണ്ണ് കൊണ്ട് മാതൃക നിര്‍മിക്കല്‍, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്, വെങ്കലത്തില്‍ നിര്‍മിക്കല്‍, പോളിഷിങ് തുടങ്ങി എട്ട് ഘട്ടങ്ങളിലായാണ് കൂറ്റൻ അശോക സ്തംഭം നിർമാണം പൂർത്തിയാക്കിയത്. അനാച്ഛാദന ചടങ്ങിൽ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചു. അനാച്ഛാദനവുമായി ബന്ധപ്പെട്ട പൂജാ കർമങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തു.
ലോക്സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 1250 കോടി രൂപ മുതൽമുടക്കിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. 13 ഏക്കറില്‍ നാലുനിലകളിലായാണ് നിര്‍ദിഷ്ട പാര്‍ലമെന്റ് മന്ദിരം. ആദ്യം 977 കോടി രൂപയാണ് കണക്കാക്കിയിരുന്നതെങ്കിലും പിന്നീട് 29 ശതമാനം ചെലവ് വർധിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതിയായ സെൻട്രൽ വിസ്തയുടെ പ്രധാന ആകർഷണമാണ് പാർലമെന്റ് മന്ദിരം. ടാറ്റ പ്രോജക്ട്സിനാണ് നിർമാണ ചുമതല.
രാഷ്ട്രപതി ഭവനു സമീപം, 13 ഏക്കറിൽ വിസ്തരിച്ചു പരന്നുകിടക്കുന്ന നാല് നില കെട്ടിടത്തിന്റെ നിർമാണം ഈ വർഷം രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തിന് മുൻപ് പൂർത്തിയാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ,നിർമാണം വൈകിയതിനാൽ ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: Weight 9.5 tons, height 6.5 meters, Modi , huge national emblem , new Parliament building