താമരശേരി ചുരത്തിനൊരല്പം വിശ്രമം
തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് വയനാട് ജില്ലയിലെ മേപ്പാടിയിലേക്ക് ഇരട്ട തുരങ്ക പാത വരുന്നു

താമരശേരി ചുരം ഒഴിവാക്കി പുതിയ ഇരട്ട തുരങ്ക പാത വരുന്നു. തിരുവമ്പാടി മണ്ഡലത്തില്‍ നിന്ന് വയനാട് ജില്ലയിലെ മേപ്പാടിയിലേക്ക് എത്തുന്ന രീതിയിലാണ് ഭൂമി തുരന്നുള്ള പാത.
പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ആഗസ്റ്റ് 31ന് വൈകീട്ട് ആനക്കാംപൊയില്‍ സ്കൂളിലെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. നാല് വര്‍ഷത്തിനകം പാതയുടെ നിര്‍മാണം പൂര്‍ത്തിയാകും.
പാതയുടെ നിര്‍മാണം സൂഗമമായി പൂര്‍ത്തിയായാല്‍ നേട്ടങ്ങള്‍ അനവധിയാണ്. എന്നാല്‍ പരിസ്ഥിതി ദുര്‍ബല മേഖലയായ പശ്ചിമഘട്ട കുന്നുകള്‍ക്കും മരങ്ങള്ക്കുമിടയിലൂടെയാണ് പാത എന്നത് ആശങ്കയും ഇരട്ടിയാക്കുന്നു. വയനാട്ടില്‍ ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈക്ക് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് കോഴിക്കോട് നിന്ന് പാത കയറി ചെല്ലുന്ന ഇടം.
2134 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പൊതുമാരമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വെ എന്നിവയുടെ സഹകരണത്തോടെയാണ് പാതയുടെ നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ ആണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞാല്‍ പദ്ധതി നടത്തിപ്പിലേക്ക് കടക്കും.
1341 കോടി രൂപയ്ക്ക് ദിലിപ് ബിൽഡ്കോൺ തുരങ്കത്തിന്റെ നിർമാണവും 160 കോടി രൂപയ്ക്ക് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി അപ്രോച്ച് റോഡിന്റെ നിർമാണവുമാണ് ഏറ്റെടുക്കുക. ടെൻഡറിൽ രണ്ടു പദ്ധതികൾക്കും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് ഈ രണ്ടു കമ്പനികളാണെങ്കിലും ഇവരുമായി കൊങ്കൺ റെയിൽവേ കരാർ ഒപ്പിട്ടിരുന്നില്ല. പ്രദേശത്തെ പ്രതികൂല സാഹചര്യങ്ങൾ മാറിയ ശേഷമേ കരാറുകൾ ഒപ്പിട്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കൂ എന്നാണ് കൊങ്കൺ റെയിൽവേ പറഞ്ഞിരുന്നത് .
രാജസ്ഥാനിലെ കോട്ട തുരങ്കപ്പാത, ഋഷികേശ് ബ്രോഡ്ഗേജ് പാത, ദേശീയ പാതയിലെ ചുരാഹത് ബൈപാസ് തുരങ്കം, ബിലാസ്പൂർ – ബേരി തുരങ്കം തുടങ്ങി വിവിധ പദ്ധതികൾ ഏറ്റെടുത്തിട്ടുള്ള കമ്പനിയാണ് ദിലിപ് ബിൽഡ്കോൺ
താമരശേരി ചുരം വഴിയുള്ള യാത്ര പലപ്പോഴും പ്രയാസം നേരിടുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ ഏറ്റവും നീളമുള്ള മൂന്നാമത്തെ തുരങ്കപാതയാകുമിത്. തിരുവമ്ബാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ സ്വര്‍ഗക്കുന്ന് മുതല്‍ തുടങ്ങുന്ന പാത വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലുള്ള കള്ളാടിയിലാണ് എത്തിച്ചേരുക. 8.11 കിലോമീറ്ററാണ് തുരങ്കം. ഒരു മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാത, എട്ട് മീറ്റര്‍ വീതിയില്‍ റോഡ്, ഇരട്ട തുരങ്കങ്ങള്‍ ബന്ധിപ്പിക്കുന്ന ഇടറോഡും ഇതോടൊപ്പമുണ്ടാകും.
ആനക്കാംപൊയിലില്‍ നിന്നും മേപ്പാടിയിലേക്ക് നിലവില്‍ 42 കിലോമീറ്ററാണ്. തുരങ്കപാത വരുന്നതോടെ ഇത് 20 കിലോമീറ്ററായി ചുരുങ്ങും. താമരശേരി ചുരം കയറാതെ കോഴിക്കോട് നിന്ന് വയനാട്ടിലെത്താം. കൊച്ചി-ബെംഗളൂരു ദൂരം കുറയുകയും ചെയ്യും. സാമ്ബത്തിക നേട്ടം, ടൂറിസം, ചരക്കുകടത്ത് എളുപ്പമാക്കല്‍ തുടങ്ങിയ നേട്ടങ്ങളും സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇനി നിര്‍മാണം തുടങ്ങാന്‍ മറ്റു തടസങ്ങള്‍ ഇല്ലെങ്കിലും ജനങ്ങളുടെ ആശങ്ക നീങ്ങിയിട്ടില്ല. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ നിര്‍മാണങ്ങള്‍ ഒഴിവാക്കണം എന്നാണ് മാധവ് ഗാഡ്കില്‍ നിര്‍ദേശിക്കുന്നത്. ഏറ്റവും കൂടുതല്‍ മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശങ്ങളിലൂടെയാണ് തുരങ്ക പാത വരുന്നത് എന്നതും ആശങ്ക ബാക്കിയാക്കുന്നു.
മല തുരക്കാന്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കണം, പരിസ്ഥിതി നാശം ഒഴിവാക്കണം, ആദിവാസി, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കണം, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്കെയില്‍ മാപ്പിങ് വേണം, ടണലിന്റെ ഇരുഭാഗത്തും കാലാവസ്ഥ നിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കണം, നാലുപേരടങ്ങുന്ന നിരീക്ഷണ സമിതി രൂപീകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുള്ളത്.