ഹാപ്പിയാണ്; ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അൻവർ
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻ്റിലായ പിവി അൻവർ എംഎൽഎയെ ജയിലിൽ സന്ദർശിച്ച് ബന്ധുവും പിഎയും. ബന്ധുവായ ഇസ്ഫാക്കറും, പിഎ സിയാദുമാണ് അൻവറിനെ ജയിലിലെത്തി കണ്ടത്. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട കാര്യം ബന്ധുക്കൾ അൻവറിനെ അറിയിച്ചു. സന്ദർശനം അഞ്ച് മിനിറ്റ് നീണ്ടു നിന്നു. വീട്ടുകാരുമായി സംസാരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അൻവർ ആവശ്യപ്പെട്ടതായാണ് വിവരം.
ഹാപ്പിയാണെന്ന് അൻവർ പറഞ്ഞതായി ഇരുവരും പ്രതികരിച്ചു. കേസിൻ്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ അൻവർ ഉഷാറായി ഉറങ്ങിയെന്നും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞതായും ഇരുവരും അറിയിച്ചു. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിലാണ് അൻവർ എംഎ.എ റിമാൻ്റിലായത്. തവനൂര്‍ ജയിലിലാണ് അൻവർ കഴിയുന്നത്. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയിരുന്നു.
14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്.