അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. സാക്ഷികളെ സ്വാധീനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയില്‍ മണ്ണാര്‍ക്കാട് എസ്.സി എസ്ടി കോടതിയാണ് 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതി അനുവദിച്ച ജാമ്യം എങ്ങനെയാണ് വിചാരണക്കോടതിക്ക് റദ്ദാക്കാനാകുകയെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചോദിച്ചു.
വിചാരണക്കോടതി ഇക്കാര്യത്തില്‍ വരുന്ന തിങ്കളാഴ്ചയ്ക്കു മുന്‍പ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് കേസിലെ രണ്ടും അഞ്ചും പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും പ്രതികള്‍ വാദിച്ചു. സാക്ഷികളെ സ്വാധീനിച്ചതിനുള്ള തെളിവുകള്‍ പോലീസ് ഹാജരാക്കിയിട്ടില്ലെന്നും മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണ് ഇതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് വിചാരണക്കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് വിചാരണക്കോടതി ജഡ്ജി കെ എം രതീഷ് കുമാര്‍ പ്രതികളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. കോടതിയില്‍ ഹാജരായ മൂന്നു പേരെ റിമാന്‍ഡ് ചെയ്യുകയും മറ്റ് 9 പേര്‍ക്കായി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ഒളിവിലായതിനാല്‍ ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.