കോട്ടയത്ത് വീട്ടില്‍ വളര്‍ത്തിയ കാളയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു; ഭാര്യക്ക് പരിക്ക്
കോട്ടയത്ത് വീട്ടില്‍ വളര്‍ത്തുന്ന കാളയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. വാഴൂര്‍ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജ് (56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. റെജിയുടെ ഭാര്യ ഡാര്‍ളിക്കും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കെട്ടിയിരുന്ന കാളയെ മാറ്റിക്കെട്ടുന്നതിനിടെയാണ് സംഭവമുണ്ടായത്. കുത്തേറ്റ റെജിയുടെ നിലവിളി കേട്ടെത്തിയ ഡാര്‍ളിയെയും കാള കുത്തി. ഡാര്‍ളിയെ രക്ഷിക്കാന്‍ ശ്രമിച്ച റെജിയെ കാള മരത്തില്‍ ചേര്‍ത്ത് വീണ്ടും കുത്തുകയായിരുന്നു.
നെഞ്ചിലും വയറിലും ഗുരുതരമായി പരുക്കേറ്റ റെജിയെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.