കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കാണാതായ കിരണിന്റേതെന്ന് പൊലീസ്, സ്ഥിരീകരണം ഡി എൻ എ പരിശോധനക്ക് ശേഷം
തമിഴ്നാട്ടിലെ കുളച്ചല് തീരത്ത് കണ്ടെത്തിയ മൃതദേഹം ആഴിമലയില്നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കിരണിന്റെ അച്ഛന് ഉള്പ്പെടെയുള്ള ബന്ധുക്കള് എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം, ഡി എന് എ പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്നും പരിശോധനാഫലത്തിന്റെ റിപ്പോർട്ട് ലഭിച്ചാലേ മൃതദേഹം കേരളത്തിലേക്ക് എത്തിക്കുകയുള്ളൂ എന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് കുളച്ചല് തീരത്ത് യുവാവിന്റെ മൃതദേഹം അഴുകിയനിലയില് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഉടനെ കുളച്ചല് പോലീസ് വിഴിഞ്ഞം പോലീസിനെ അടക്കം വിവരമറിയിച്ചു. തുടര്ന്നാണ് വിഴിഞ്ഞം പോലീസും കിരണിന്റെ ബന്ധുക്കളും കുളച്ചലില് എത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
കൈയിലെ ചരട് കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് കിരണിന്റെ അച്ഛന് പറയുന്നു. മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. പെണ്കുട്ടിയുടെ സഹോദരനെതിരെ ഗുരുതര ആരോപണവും കിരണിന്റെ ബന്ധുക്കൾ ഉന്നയിച്ചു. പെൺകുട്ടിയുടെ സഹോദരൻ കിരണിനെ വാഹനത്തില് കയറ്റി കൊണ്ടുപോവുകയായിരുന്നു. അവരെല്ലാം ഒളിവിൽ പോയതും ദുരൂഹമാണെന്നും ബന്ധുക്കൾ പറയുന്നു. അവരെയെല്ലാം എത്രയുംവേഗം കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്.ഒളിവിലുള്ളവര് ഉടന്തന്നെ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് സുഹൃത്തിനെ കാണാനായി ആഴിമലയില് എത്തിയ കിരണിനെ കാണാതായത്. കിരണിനെ പെണ്കുട്ടിയുടെ ബന്ധുക്കള് തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ് കടല്ത്തീരത്തേക്ക് ഓടിയെന്നുമാണ് യുവാവിന്റെ ബന്ധുക്കൾ പറയുന്നത്. കടല്ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള് കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന ചില സി സിടി വി ദൃശ്യങ്ങളും ലഭിച്ചു. കിരണിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോകാന് ഉപയോഗിച്ച കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlight: Thiruvananthapuram, Youth Drowned, Kiran, Azhimala, Colachel