വായ്പയെടുത്തവർ അറിയാൻ, RBI യുടെ പുതിയ പ്രഖ്യാപനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

ഇന്ത്യൻ റിസർവ് ബാങ്ക് രാജ്യത്തെ കോടിക്കണക്കിന് വരുന്ന വായ്പയെടുത്തവർക്ക് വലിയ ആശ്വാസം നൽകുന്ന സുപ്രധാനമായ നിയമഭേദഗതി കൊണ്ട് വരുന്നു…2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ വായ്പാ ചട്ടങ്ങളിൽ റിസർവ് ബാങ്ക് (ആർബിഐ) മാറ്റങ്ങൾ വരുത്തി. ഫ്ലോട്ടിംഗ് ലോൺ പലിശ നിരക്ക് ഘടകങ്ങൾ നേരത്തെ കുറയ്ക്കാൻ ബാങ്കുകളെ അനുവദിച്ചും പലിശ നിരക്ക് ഓപ്ഷനുകളിൽ വഴക്കം നൽകിയും വായ്പക്കാർക്ക് ആശ്വാസം നൽകും .
കൂടാതെ, സ്വർണ്ണത്തിനും വെള്ളിക്കും മേലുള്ള വായ്പ നൽകുന്നതിനെ കുറിച്ച് ആർബിഐ വ്യക്തത വരുത്തി, നിർമ്മാണത്തിനും വ്യാവസായിക പ്രക്രിയകൾക്കും ഈടായി സ്വർണ്ണം കൂടുതൽ ഉപയോഗിക്കാൻ അനുവദിച്ചു, കൂടാതെ വ്യക്തിഗത, എംഎസ്എംഇ ഫ്ലോട്ടിംഗ് റേറ്റ് വായ്പകളുടെ മുൻകൂർ പേയ്മെന്റ് പിഴകൾ ഇല്ലാതാക്കുന്നതിന് 2026 ജനുവരി 1 എന്ന തീയതിയും നിശ്ചയിച്ചിട്ടുണ്ട്.
ഫ്ലോട്ടിങ് പലിശ നിരക്കിലുള്ള വായ്പകളുടെ മാസത്തവണകൾ (EMI) കുറയ്ക്കുന്നത് സംബന്ധിച്ചാണ് ഈ വിപ്ലവകരമായ മാറ്റം. ഒക്ടോബർ 2, ബുധനാഴ്ച മുതൽ ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
ഇ എം ഐ കുറയുന്നത് ഇനി ‘ഫാസ്റ്റ് ട്രാക്കിൽ’പലിശ നിരക്കുകൾ കുറയുമ്പോൾ അതിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്താൻ ബാങ്കുകൾ കാണിച്ചിരുന്ന കാലതാമസം ഇല്ലാതാക്കുകയാണ് ആർ ബി ഐയുടെ പ്രധാന ലക്ഷ്യം. നിലവിൽ, ഹോം ലോൺ, പേഴ്സണൽ ലോൺ തുടങ്ങിയ ഫ്ലോട്ടിങ് വായ്പകളുടെ പലിശനിരക്ക് നിർണയിക്കുന്നതിൽ ‘നോൺ-ക്രെഡിറ്റ് റിസ്ക് സ്പ്രെഡ്’ എന്നൊരു ഘടകമുണ്ട്.
നേരത്തെ ഈ ഘടകം മൂന്ന് വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്താൻ ബാങ്കുകൾക്ക് അനുമതിയുണ്ടായിരുന്നു.പുതിയ മാറ്റം വന്നതോടെ, ഈ ‘ലോക്ക്-ഇൻ’ വ്യവസ്ഥയിൽ ബാങ്കുകൾക്ക് ഇളവ് ലഭിക്കും. ഇത് വഴി, പലിശ കുറഞ്ഞാലുടൻ നിങ്ങളുടെ ഇ എം ഐ-കളും വേഗത്തിൽ കുറയാൻ സാധ്യതയേറും. റീട്ടെയിൽ വായ്പകൾ, വ്യക്തിഗത വായ്പകൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (MSME) വായ്പകൾ എന്നിവയ്ക്കെല്ലാം ഈ മാറ്റം നേരിട്ട് പ്രയോജനപ്പെടും. 2016-ലെ വായ്പാ പലിശ നിരക്ക് മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
ബാങ്കുകൾക്ക് കൂടുതൽ വിവേചനാധികാരം ഉണ്ടായിരിക്കുമെങ്കിലും, പലിശ നിരക്ക് പുനഃക്രമീകരണ കാലയളവിൽ ഫ്ലോട്ടിംഗ്, ഫിക്സഡ് പലിശ നിരക്കുകൾക്കിടയിൽ മാറാനുള്ള സൗകര്യം ഇപ്പോൾ വായ്പക്കാർക്ക് നൽകും. 2026 ജനുവരി 1 മുതൽ, വ്യക്തികളും എംഎസ്എംഇകളും എടുക്കുന്ന ഫ്ലോട്ടിംഗ് റേറ്റ് വായ്പകൾക്ക് മുൻകൂർ പേയ്മെന്റ് പിഴ ചുമത്തുന്നതിൽ നിന്ന് ബാങ്കുകളെ വിലക്കി. അതായത് അധിക ചെലവുകൾ ഇല്ലാതെ വായ്പകളിൽ നിന്ന് നേരത്തെ പുറത്തുകടക്കാൻ അവരെ അനുവദിക്കുന്നു.
വായ്പയെടുത്തവർക്ക് ഗുണകരവും, ബാങ്കുകൾക്ക് കൂടുതൽ വഴക്കവും നൽകുന്നതാണ് ഈ നടപടിയെന്ന് ആർ ബി ഐ വ്യക്തമാക്കി.വായ്പക്കാർക്ക് രണ്ട് ഓപ്ഷനുകൾപുതിയ നിയമങ്ങൾ വായ്പയെടുത്തവർക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നു. പലിശ നിരക്ക് റീസെറ്റ് ചെയ്യുന്ന സമയത്ത്, ഫ്ലോട്ടിങ് പലിശയുള്ള വായ്പകൾ സ്ഥിര പലിശ നിരക്കിലേക്ക് (Fixed Rate) മാറ്റിയെടുക്കാൻ വായ്പക്കാർക്ക് അവസരമുണ്ട്.
കൂടുതൽ കാലത്തേക്ക് സ്ഥിരമായ ഇ എം ഐ ആഗ്രഹിക്കുന്നവർക്ക് ഈ ഓപ്ഷൻ പ്രയോജനപ്പെടുത്താം.ഈ വ്യവസ്ഥ ആദ്യമായി അവതരിപ്പിച്ചത് 2023-ലാണ്, ഇപ്പോൾ അതിന്റെ തുടർച്ച ഉറപ്പാക്കുന്നു. അതുകൊണ്ട്, പലിശ നിരക്കുകൾ ഇനിയും കൂടാനുള്ള സാധ്യതയുണ്ടെന്ന് കരുതുന്നവർക്ക് സ്ഥിര നിരക്കിലേക്ക് മാറ്റി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പിക്കാൻ കഴിയും.
ധാരണക്കാർക്ക് ആശ്വാസം നൽകുന്നതിന് പുറമെ, രാജ്യത്തെ സ്വർണ്ണ വ്യാപാരികൾക്കും ഉൽപ്പാദകർക്കും ആർ ബി ഐ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുവായി സ്വർണ്ണം ഉപയോഗിക്കുന്ന നിർമ്മാതാക്കൾക്ക്, സ്വർണ്ണം ഈടായി സ്വീകരിച്ച് പ്രവർത്തന മൂലധന വായ്പകൾ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകി.പ്രധാനമായും, ടയർ-3, ടയർ-4 നഗരങ്ങളിലെ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ഈ സൗകര്യം ലഭ്യമാക്കിയതോടെ, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലെ ചെറുകിട സ്വർണ്ണ വ്യവസായങ്ങൾക്ക് പോലും എളുപ്പത്തിൽ വായ്പ ലഭിക്കാൻ വഴിതുറന്നു.