അമ്മ ക്ലബ്ബല്ല, മോഹന്‍ലാല്‍ തിരുത്തിയില്ല, ഇടവേള ബാബു മാപ്പു പറയണമെന്ന് ഗണേഷ് കുമാര്‍; താരസംഘടനയില്‍ ഭിന്നത
ഇടവേള ബാബു മാപ്പു പറയണമെന്ന് കെ ബി ഗണേഷ് കുമാര്‍. അമ്മ ക്ലബ്ബാണെന്ന് പറഞ്ഞതില്‍ മാപ്പു പറയണമെന്നാണ് ആവശ്യം. ആരെ സഹായിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കണം. ഇടവേള ബാബു ഈ പരാമര്‍ശം നടത്തുമ്പോള്‍ പ്രസിഡന്റ് മോഹന്‍ലാല്‍ സമീപത്തുണ്ടായിരുന്നു. അദ്ദേഹത്തിന് അതു തിരുത്താമായിരുന്നു. അതുകൊണ്ടാണ് തനിക്ക് ഇങ്ങനെ പറയേണ്ടി വരുന്നത്. അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ പറയട്ടെയെന്നും ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
ദിലീപ് രാജിവെച്ചതുപോലെ വിജയ് ബാബു രാജിവെക്കണം. അതിജീവിത ഉന്നയിച്ച വിഷയത്തില്‍ അമ്മ മറുപടി നല്‍കണം. ആരോപണവിധേയന് നിരവധി ക്ലബ്ബുകളില്‍ അംഗമെന്ന് അമ്മ പറയുന്നത് ആര്‍ക്കുവേണ്ടിയാണ്. വിജയ് ബാബു വിദേശത്തു പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നെന്ന് ആരോപണമുണ്ട്. ഷമ്മി തിലകന് പറഞ്ഞ കാര്യങ്ങളില്‍ യോജിപ്പുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഞായറാഴ്ച നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡിക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അമ്മ ക്ലബ്ബാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്.
വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുമ്പോളായിരുന്നു പരാമര്‍ശം. വിജയ് ബാബുവിനെതിരായ കേസ് കോടതിയിലാണെന്നും കേസില്‍ തീരുമാനമാകാതെ എടുത്തുചാടി നടപടിയെടുക്കാന്‍ കഴിയില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു. എറണാകുളത്തെ എട്ടോളം ക്ലബ്ബുകളില്‍ അംഗമാണ് വിജയ് ബാബു. അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല. അതുപോലൊരു ക്ലബ്ബാണ് അമ്മയെന്നും ഇടവേള ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Content Highlights: AMMA, Ganesh Kumar, Mohanlal, Edavela Babu, Malayalam Cinema