ഇന്ത്യയിലെ ഏറ്റവും വലിയ കാൻഡിലിവർ ഗ്ലാസ് ബ്രിജ് ഇനി ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനു സ്വന്തം

ഇന്ത്യയിലെ ഏറ്റവും വലിയ കാൻഡിലിവർ ഗ്ലാസ് ബ്രിജ് ഇനി ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനു സ്വന്തം. വാഗമണ്ണിനെ കടത്തിവെട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത് . കൈലാസഗിരി കുന്നിലെ ടൈറ്റാനിക് വ്യൂ പോയിന്റിൽ, ബംഗാൾ ഉൾക്കടലിന്റെ ഭംഗി ആസ്വദിക്കാവുന്ന രീതിയിൽ 170 അടി നീളത്തിൽ പാലം നിർമിച്ചത് പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സാണ്. ഇടുക്കി വാഗമണ്ണിലെ കോലാഹലമേട്ടിലുള്ള ചില്ലുപാലമായിരുന്നു നിലവിൽ രാജ്യത്തെ ഏറ്റവും വലിയ കാൻഡിലിവർ ഗ്ലാസ് ബ്രിജ്. 120 അടി നീളമാണു വാഗമൺ അഡ്വഞ്ചർ പാർക്കിലെ പാലത്തിനുള്ളത്.വാഗമണ്ണിൽ 3 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. വിശാഖപട്ടത്ത് 7 കോടി ചെലവായി. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണു നിർമാണത്തിന് ഉപയോഗിച്ചത്. വാഗമണ്ണിൽ 30 ടൺ സ്റ്റീൽ ഉപയോഗിച്ചു. വിശാഖപട്ടണത്ത് 40 ടൺ. രാവിലെ 9 മുതൽ രാത്രി 8 വരെയാണു സഞ്ചാരികൾക്കു പ്രവേശനമെന്നും ഈ മാസം അവസാനത്തോടെ പാലം തുറന്നുനൽകുമെന്നും ഭാരത്മാതാ വെഞ്ചേഴ്സ് ഡയറക്ടർ ജോമി പൂണോളി പറഞ്ഞു.