സ്വപ്നയുടെ ആരോപണങ്ങള്‍; പോലീസില്‍ പരാതി നല്കി കെ ടി ജലീല്‍
സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണങ്ങളില്‍ പരാതി നല്കി മുന്‍ മന്ത്രി കെ ടി ജലീല്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തന്നെയും മുഖ്യമന്ത്രിയെയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ് പരാതിയെന്ന് ജലീല്‍ പറഞ്ഞു.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മുന്‍പ് നടത്തിയ പ്രസ്താവനകള്‍ മസാല പുരട്ടി വീണ്ടും അവതരിപ്പിക്കുകയാണ്. മൂന്ന് കേന്ദ്ര ഏജന്‍സികള്‍ മുമ്പ് അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി ഏതു കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവില്ലെന്നും ജലീല്‍ പറഞ്ഞു.
ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപി അനില്‍ കാന്ത്, എഡിജിപി വിജയ് സാഖറേ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും ഇതു മുന്‍നിര്‍ത്തി കേസെടുക്കാനും പോലീസ് ആലോചിക്കുന്നതായും വിവരമുണ്ട്.
Content Highlights: Swapna Suresh, K T Jaleel, Pinarayi Vijayan