ഭരണകൂടത്തെ നേരിടണമെന്ന് ആഹ്വാനവുമായി വയനാട്ടില്‍ മാവോയിസ്റ്റ് ബാനര്‍

വയനാട്ടില്‍ മാവോയിസ്റ്റ് ബാനര്‍. തൊണ്ടര്‍നാട് പഞ്ചായത്തിലെ കോഞ്ഞോം ബസ് സ്റ്റോപ്പിലാണ് പുലര്‍ച്ചെ ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഭരണകൂടത്തെ നേരിടണമെന്ന ആഹ്വാനമാണ് ബാനറിലുള്ളത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളതാണ് ബാനര്‍.
കുറിച്യ മണ്ണില്‍ പണിയെടുക്കുന്ന പണിയ ആദിവാസികള്‍ക്ക് ഇപ്പോഴും ഭൂമിക്ക് പട്ടയം കിട്ടിയിട്ടില്ല. വര്‍ഷങ്ങളായി ചോദിച്ചിട്ടും കിട്ടാത്ത അവകാശങ്ങള്‍ക്ക് വേണ്ടി അമ്പും വില്ലും തോക്കുമെടുത്ത് പോരാടണം. ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരെ അമ്പും വില്ലും ഉപയോഗിച്ച് പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
കാലവര്‍ഷവും പ്രളയവും ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വൈകിക്കുകയാണെന്ന ആരോപണവുമായി കടകളുടെ ഭിത്തികളില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. നഷ്ടപരിഹാരം വൈകിക്കുന്ന സര്‍ക്കാരിനെ ചെറുക്കണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം. സംഭവത്തില്‍ തൊണ്ടര്‍നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.