സ്കൂള്‍ ഭക്ഷണം പരിശോധിക്കാനെത്തിയ മന്ത്രിക്ക് ചോറിനൊപ്പം കിട്ടിയത് മുടി; പ്ലേറ്റ് മാറ്റി മന്ത്രി
സ്കൂളുകളില്‍ നല്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനെത്തിയ മന്ത്രിക്ക് നല്കിയ ചോറിനുള്ളില്‍ മുടി. ഭക്ഷ്യമന്ത്രി ജി ആര് അനിലിനാണ് ചോറില്‍ നിന്ന് മുടി കിട്ടിയത്. മന്ത്രി കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ചാനലുകള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് സംഭവം. ഇതോടെ പ്ലേറ്റ് മാറ്റി മറ്റൊരു പാത്രത്തിലാണ് മന്ത്രി ഭക്ഷണം തുടര്‍ന്നത്.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലായിരുന്നു മന്ത്രി അനില്‍കുമാര്‍ സന്ദര്‍ശനത്തിന് എത്തിയത്. പാചകപ്പുരയും സ്കൂളിലെ സൗകര്യങ്ങളും വിലയിരുത്തിയ ശേഷം രണ്ടു കുട്ടികള്‍ക്കൊപ്പം മന്ത്രി ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. പാചകം ചെയ്യുന്ന ജീവനക്കാര്‍ കുറവാണെന്ന് സംഭവത്തിന് ശേഷം പ്രധാനാധ്യാപിക മന്ത്രിയോട് പറഞ്ഞു.
രണ്ടു ജീവനക്കാരാണ് ആയിരത്തിനു മേല്‍ കുട്ടികളുള്ള സ്കൂളില്‍ എല്ലാ ജോലികളും ചെയ്യേണ്ടത്. ബുധനാഴ്ച മുതല്‍ രാവിലെ 8.30 മുതല്‍ പ്രഭാതഭക്ഷണവും നല്‍കണം. ഈ ജീവനക്കാര്‍ തന്നെയാണ് പ്രഭാതഭക്ഷണവും തയ്യാറാക്കുന്നത്. വൃത്തിക്കുറവില്ലെന്നും ജീവനക്കാരുടെ കുറവുണ്ടെന്നുമായിരുന്നു പ്രധാനാധ്യാപികയുടെ വിശദീകരണം.
കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളായതിനാല്‍ കൂടുതല്‍ ശുചീകരണത്തൊഴിലാളികളുടെ ആവശ്യമുണ്ടെന്നും ഇക്കാര്യം ഗൗരവത്തോടെ കാണാന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി അനില്‍കുമാര്‍ പ്രതികരിച്ചു.
Content Highlights: Minister, G R Anilkumar, School, Midday Meals