തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റ സംഭവത്തില്‍ അമ്മ അറസ്റ്റില്‍
തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റ കേസില്‍ കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശിയായ അഞ്ജുവിനെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തൈക്കാട് ആശുപത്രിയില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ വിറ്റുവെന്ന കേസിലാണ് അറസ്റ്റ്. ഇവര്‍ മാരാരിമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്തില്‍ നിന്നാണ് അഞ്ജുവിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പിടിയിലായ സുഹൃത്താണ് കുഞ്ഞിനെ വില്ക്കാന് ഇടനില നിന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ വിലപേശി കുഞ്ഞിനെ വില്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ കുട്ടികളില്ലാത്തതിനാലാണ് യുവതിയ്ക്ക് കുഞ്ഞിനെ നല്‍കിയത് എന്ന വാദം പൊളിയുകയാണ്.
ഈ മാസം ഏഴാം തിയതിയാണ് കുഞ്ഞിനെ വിറ്റതായി കണ്ടെത്തിയത്. മൂന്നു ലക്ഷം രൂപ നല്കി കരമന സ്വദേശികളാണ് കുഞ്ഞിനെ വാങ്ങിയത്. തങ്ങള്‍ക്കു കുട്ടികളില്ലാത്തതിനാല്‍ സുഹൃത്ത് കുഞ്ഞിനെ നല്കിയതായിരുന്നു എന്നായിരുന്നു ഇവര്‍ നല്കിയ വിശദീകരണം. സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ വീണ്ടെടുത്ത് ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയിരുന്നു.