ശവംതീനി പ്രയോഗത്തിന് ഏറ്റവും അര്ഹന് കെപിസിസി പ്രസിഡന്റ്; കെ സുധാകരന് എം വി ജയരാജന്റെ മറുപടി
കെ സുധാകരന് നടത്തിയ ശവംതീനി പ്രയോഗത്തില് മറുപടിയുമായി എം വി ജയരാജന്. ശവംതീനി എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യന് കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവായ കെ.പി.സി.സി പ്രസിഡന്റാണെന്ന് സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി കൂടിയായ ജയരാജന് പ്രതികരിച്ചു. രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവംതിന്നുന്നതിന് തുല്യമാണെന്നായിരുന്നു കെ സുധാകരന് കഴിഞ്ഞ ദിവസം പറഞ്ഞത്.
മുഖ്യമന്ത്രിയെ വധിക്കാനായി തന്റെ അനുയായിയും 19 കേസിലെ പ്രതിയും ഗുണ്ടാലിസ്റ്റില് പെടുന്നയാളുമായ ഫര്സീന് മജീദിനെ അയച്ചതിന് പിന്നിലും കെ.പി.സി.സി പ്രസിഡന്റാണെന്ന ആക്ഷേപം ഉയര്ന്നു വരികയുണ്ടായി. കെ.പി.സി.സി പ്രസിഡന്റ് സ്വന്തം നേതാക്കളെ അഴിമതി കേസില് നിന്ന് രക്ഷിക്കാനാവുമോ എന്ന് ആദ്യം നോക്കുന്നതായിരിക്കും നല്ലതെന്നും ജയരാജന് പ്രസ്താവനയില് പറഞ്ഞു.
രക്തസാക്ഷികളുടെ പേരില് പണം പിരിച്ച് അത് തട്ടിയെടുക്കുന്ന ശീലം സിപിഎമ്മിനില്ല. ധനരാജ് ഫണ്ടില് നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല. ഫണ്ട് നല്കിയതും, വീട് നിര്മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ടില് നിന്നാണ്. ബഹുജനങ്ങളില് നിന്ന് ഫണ്ട് പിരിക്കുമ്പോള് തന്നെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതാണ്. പയ്യന്നൂര് റൂറല് സഹകരണ ബാങ്കില് ധനരാജിന്റെ പേരിലുള്ള കടം നേരത്തെ കൊടുത്തു തീര്ത്തതാണ്. പയ്യന്നൂര് സര്വ്വീസ് സഹകരണ ബാങ്കില് അവശേഷിക്കുന്ന കടം പാര്ട്ടി നല്കുമെന്നും ജയരാജന് പ്രസ്താവനയില് വ്യക്തമാക്കി.
Content Highlights: M V Jayarajan, CPM, K Sudhakaran, Congress