യുവസംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമെന്ന് സൂചന; മൂന്നു വര്‍ഷത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
യുവസംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമെന്ന് സൂചന നല്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം കഴുത്തു ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നിട്ടും പോലീസ് കാര്യമായി അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്. അന്വേഷണം എങ്ങുമെത്താതായതോടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തി. ഇതോടെയാണ് മൂന്നു വര്‍ഷത്തിനു ശേഷം നയന സൂര്യയുടെ മരണം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
മൃതദേഹ പരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെന്റിമീറ്റര്‍ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അടിവയറ്റില്‍ മര്‍ദ്ദനമേറ്റതായി റിപ്പോര്ട്ടിലുണ്ടായിരുന്നിട്ടും പോലീസ് അന്വേഷിച്ചില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യ ചെയ്തതായിരിക്കാമെന്നും വാര്‍ത്തകളുണ്ടായിരുന്നു. 2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പത്തു വര്‍ഷത്തോളമായി സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ലെനിന് രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം.