സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കേരളം വിട്ടു; പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്
കോട്ടയം, കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിക്കായി തെരച്ചില്‍ തുടരുന്നു. പ്രതി അരുണ്‍ വിദ്യാധരന് കേരളം വിട്ടതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. കോയമ്പത്തൂരിലാണ് കഴിഞ്ഞ ദിവസം പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയത്.
പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സൈബര്‍ ആക്രമണത്തെക്കുറിച്ച് ആതിര പരാതി നല്കിയ വിവരം പ്രതിക്ക് പോലീസ് ചോര്‍ത്തി നല്‍കിയെന്നും അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായതായും ആരോപിച്ചായിരുന്നു മാര്‍ച്ച്. സ്റ്റേഷനകത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ പോലീസ് മര്‍ദിച്ചതായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. നിലവില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് തെരച്ചില്‍ നടത്തുന്നത്.