എറണാകുളത്തു പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര് വരുമായിരുന്നു; മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് വി എം വിനു

അന്തരിച്ച നടന് മാമുക്കോയയുടെ സംസ്കാരത്തിന് പ്രമുഖ നടന്മാര് പലരും വന്നില്ലെന്ന് പരാതി. മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന് വി എം വിനു പറഞ്ഞു. പലരും വരുമെന്ന് കരുതിയെങ്കിലും വന്നില്ല. ഇത് മാമുക്കോയയോടുള്ള അനാദരവായി. എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര് വരുമായിരുന്നു എന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും വി.എം. വിനു പറഞ്ഞു.
കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു മാമുക്കോയയുടെ കബറടക്കം. അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു അന്തിമോപചാരം അര്‍പ്പിച്ചു. നടന് ജോജു ജോര്‍ജ്, ഇര്‍ഷാദ്, നിര്‍മാതാവ് ആര്യാടന് ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരും വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
ബുധനാഴ്ച വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാവിലെ 9 മണി വരെ വീട്ടില്‍ പൊതുദര്ശനമുണ്ടായിരുന്നിട്ടും മലയാളത്തിലെ പ്രമുഖ നടന്മാര് വരാത്തതിലാണ് പ്രതിഷേധം ഉയര്‍ന്നത്.