ഇവി ചാർജിങ് സ്റ്റേഷനുകളുമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇറങ്ങുന്നു
നിറം മങ്ങുന്ന പെട്രോൾ പമ്പുകൾ
രാജ്യം വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിനായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. എന്നാൽ രാജ്യത്ത് ഇവികളുടെ ജനാധിപത്യവല്‍ക്കരണത്തിന് പ്രധാനമായും വിലങ്ങുതടിയാകുന്ന ഒന്നാണ് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനം മന്ദഗതിയിലാണെന്നുള്ളത്. പെട്രോള്‍ പമ്ബുകള്‍ പോലെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വന്നാല്‍ ആളുകള്‍ ഉറപ്പായും ബദല്‍ ഇന്ധനത്തിലേക്ക് മാറും. പൊതുമേഖലാ സ്ഥാപനങ്ങള്‍ തങ്ങളുടെ സ്ഥലത്ത് ചാര്‍ജറുകള്‍ സ്ഥാപിച്ചാല്‍ അതുവഴി അവര്‍ക്ക് വരുമാനവും ലഭിക്കും.
ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍ (ഫെയിം) പദ്ധതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയതാണ് പ്രധാനമന്ത്രി ഇ-ഡ്രൈവ് (PM E-drive) പദ്ധതി. 10,000 കോടി രൂപയുടെ പദ്ധതിയില്‍ ചാര്‍ജിങ് അടിസ്ഥാന സൗകര്യ വികസനത്തിനായി 2,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 2025 സെപ്റ്റംബര്‍ 28-ന് പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സബ്സിഡിക്ക് അര്‍ഹരായ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും.
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവുകള്‍ക്കും ഇവി സപ്ലൈ എക്യുപ്മെന്റുകള്‍ (EV Supply Equipments) വാങ്ങുന്നതിനുമുള്ള സഹായങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ട്രാന്‍സ്ഫോര്‍മറുകള്‍, ലോ ടെന്‍ഷന്‍ ഹൈ ടെന്‍ഷന്‍ കേബിളുകള്‍, എസി ഡിസ്ട്രിബ്യൂഷന്‍ ബോക്സുകള്‍, സര്‍ക്യൂട്ട് ബ്രേക്കറുകള്‍, ട്യൂബുലാര്‍ അല്ലെങ്കില്‍ പിസിസി മൗണ്ടിംഗ് സ്ട്രക്ചറുകള്‍, വേലി കെട്ടല്‍ അടക്കമുള്ള മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ്.
ഇവി സപ്ലൈ എക്യുപ്മെന്റുകളില്‍ ചാര്‍ജിങ് ഗണുകള്‍ ഉള്‍പ്പെടെയുള്ള ഇവി ചാര്‍ജറുകള്‍ വരും. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ (CPSEs), സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവക്ക് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന് (MHI) കീഴില്‍ ഈ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനും ഈ സ്ഥാപനങ്ങള്‍ക്ക് ഒരു ഏജന്‍സിയെ ചുമതലപ്പെടുത്താവുന്നതാണ്.
തുടര്‍ന്ന് കേന്ദ്ര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണം. നേരിട്ട് ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും അല്ലെങ്കില്‍ ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരെ (CPO) നിയോഗിക്കാനും സാധിക്കും. പെട്രോളിയം & പ്രകൃതിവാതകം, റോഡ് ഗതാഗത ഹൈവേ, ആരോഗ്യ കുടുംബക്ഷേമം, ഊര്‍ജം, ഭവന നഗരകാര്യം, റെയില്‍വേ, സിവില്‍ ഏവിയേഷന്‍, തുറമുഖം, ഷിപ്പിങ് എന്നിവയ്ക്ക് അവരുടെ കീഴിലുള്ള സിപിഎസ്ഇകള്‍ വഴിയോ അല്ലെങ്കില്‍ നോമിനേറ്റ് ചെയ്ത ഏജന്‍സികള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (IOCL), ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (BPCL), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (HPCL), നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI), എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SAIL), കണ്ടെയ്നര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ (CONCOR), കണ്‍വേര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (CESL), മെട്രോ റെയില്‍ കോര്‍പ്പറേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ മാതൃമന്ത്രാലയങ്ങള് വഴിയോ അപേക്ഷിക്കാം.
2011-ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍, ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റികള്‍, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് തുടങ്ങിയ ഏഴ് മെട്രോ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പിഎം ഇ-ഡ്രൈവ് പദ്ധതി മുന്‍ഗണന നല്‍കും.
സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ തലസ്ഥാനങ്ങളിലും നാഷനല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിന് (NCAP) കീഴില്‍ വരുന്ന നഗരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത അനുസരിച്ച് മറ്റ് നഗരങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടി രാജ്യത്തുടനീളം ഡിമാന്‍ഡിന് അനുസരിച്ച് ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് ഉറപ്പാക്കുന്നു. നഗരപരിധിക്ക് പുറത്തുള്ള ചില ഹൈവേകളിലും അന്തര്‍സംസ്ഥാന പാതകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് ഇവികളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ സഹായിക്കും.













