എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കൈമാറി. സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ യുവതി പരാതി നല്‍കിയത്. ശാരീരികമായി ഉപദ്രവിച്ചുവെന്ന് കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി കോവളം സിഐക്ക് കൈമാറിയിരുന്നു.
പിന്നീട് കാണാതായ യുവതി ഏതാനും ദിവസം മുന്‍പ് വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരായി മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നാടുവിട്ടതെന്ന് അറിയിച്ചു. കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പിന്നീട് മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയിലും ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയിലും പരാതിക്കാരി ലൈംഗികാരോപണം ഉന്നയിക്കുകയായിരുന്നു. യുവതി പരാതി നല്‍കിയതിനു ശേഷം എംഎല്‍എ ഒളിവിലാണ്.
എംഎല്‍എയുടെ ഔദ്യോഗിക ഫോണും സ്വകാര്യ ഫോണും സ്വിച്ചോഫ് ചെയ്ത നിലയിലാണ്. ഇതിനിടെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കാട്ടി എല്‍ദോസ് ഫെയിസ്ബുക്കില് പോസ്റ്റിട്ടിരുന്നു. എല്‍ദോസ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.