മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാം; സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീം കോടതി. സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം സാക്ഷി വിസ്താരത്തിന് 30 പ്രവൃത്തി ദിവസങ്ങള്‍ വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് സാക്ഷി വിസ്താരത്തിന്റെ പുരോഗതി വിലയിരുത്തിയായിരിക്കുമെന്ന് കോടതി അറിയിച്ചു. വിചാരണക്കാലാവധി തീരുമാനിക്കുന്നത് പിന്നീട് തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.
ജസ്റ്റിസ് കെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി. സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിചാരണ ആവശ്യപ്പെടുന്നതെന്നായിരുന്നു സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ദിലീപ് പറഞ്ഞത്.
കേസിന്റെ വിചാരണ എത്രയും വേഗം പൂര്‍ത്തിയാകണമെന്നാണ് അതിജീവിത ആഗ്രഹിക്കുന്നതെന്നും ഏതു സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുതെന്നും അതിജീവിതയ്ക്ക് വേണ്ടി ഹാജരായ മുന്‍ ഹൈക്കോടതി ജഡ്ജി കൂടിയായ ആര് ബസന്ത് പറഞ്ഞു.