വിമാനത്തിലെ പ്രതിഷേധം; അന്വേഷണത്തിന് പ്രത്യേക സംഘം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ക്രൈംബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ ആറംഗ സംഘമാണ് അന്വേഷിക്കുക. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്. സംഭവത്തില്‍ വലിയതുറ പോലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുനീത് കുമാര്‍ എന്നിവരാണ് പ്രതികള്‍. ഇവരില്‍ പ്രതിഷേധം നടത്തി പിടിയിലായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍ എന്നിവരെ ജൂണ്‍ 27 വരെ കോടതി റിമാന്‍ഡ് ചെയ്തു. വധശ്രമം, ഗൂഢാലോചന, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിലെ മൂന്നാം പ്രതി സുനീത് കുമാര്‍ ഒളിവിലാണ്. വിമാനത്തില്‍ നടന്ന സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. സുനീതിനു വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഗണ്മാന് നല്കിയ പരാതിയില്‍ വലിയതുറ പോലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റും മുട്ടന്നൂര് എയുപി സ്കൂള്‍ അധ്യാപകനുമായ ഫര്സീന് മജീദിനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
രക്ഷിതാക്കള്‍ കൂട്ടമായി ടിസി ആവശ്യപ്പെടുകയും ഡിഡിഇ സ്കൂളില്‍ പരിശോധന നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായെന്ന വിവരത്തെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Content Highlights: Youth Congress, Chief minister, Indigo, Flight