രാത്രിയും പോസ്റ്റുമോർട്ടം നടത്തണം ,അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് നിർദേശം നല്കി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ
രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്കി.
രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താന്‍ കേന്ദ്രനിര്‍ദേശം വന്നെങ്കിലും സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.. ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് പ്രധാന കാരണങ്ങള്‍. രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ഉത്തരവ് വരുന്നതിനു മുമ്പ് കേരളത്തില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിച്ച് ഉത്തരവ് ഉണ്ടായിരുന്നു. അവയവദാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് കണ്ടെത്തിയാല്‍ അവയവദാനത്തിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്താന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇതിനെതിരേ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ കോടതിയെ സമീപിച്ചതുമൂലം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
ആത്മഹത്യ, കൊലപാതകം ഉള്‍പ്പെടെയുളള മരണങ്ങളില്‍ രാത്രി പോസ്റ്റ്മോർട്ടം പാടില്ല.രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് നിലവില്‍ പോസ്റ്റ്മോർട്ടത്തിന് അനുമതിയുളളത്. വൈകിട്ട് പരമാവധി നാലര വരെ എത്തിക്കുന്ന മൃതദേഹങ്ങൾ മാത്രമെ പോസ്റ്റ്മോർട്ടം നടത്തൂ. കൂടുതല്‍ പേര് മരണപ്പെടുന്ന ദുരന്തങ്ങളിലോ അവയവദാനം നടത്തുന്ന വ്യക്തിയുടെ കാര്യത്തിലോ നിലവില്‍ ഇളവുണ്ട്. സമയം ദീര്ഘിപ്പിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട നടപടിയെടുക്കണം. രാത്രി പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി വികസനസമിതിക്ക് ആവശ്യത്തിന് അനുബന്ധജീവനക്കാരെ അനുവദിക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ 2013ല്‍ സംസ്ഥാന ആരോഗ്യവകുപ്പ് രാത്രിയിലും പോസ്റ്റ്മോർട്ടം അനുവദിച്ച് ഉത്തരവിറക്കി. എന്നാല്‍ ഭൗതിക സാഹചര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കോ ലീഗല്‍ സൊസൈറ്റി നൽകിയ ഹര്‍ജിയില്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അനുബന്ധ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഈ നിയമത്തെ അനുകൂലിക്കുകയുള്ളുവെന്ന് ഫൊറന്‍സിക് സര്ജന്മാരുടെ സംഘടന വ്യക്തമാക്കി.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒക്ടോബർ ഒന്നിന് രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ഇതുനടപ്പാക്കാനാണ് നിർദേശം.മതിയായ ജീവനക്കാരും സൗകര്യവും ഇല്ലാത്തതാണ് മെഡിക്കല്‍കോളേജുകള്‍ തടസ്സമായി ചൂണ്ടിക്കാണിച്ചിരുന്നത്.
ആത്മഹത്യ, കൊലപാതകം, ബലാത്സംഗത്തെത്തുടര്ന്നുള്ള മരണം, അഴുകിയ മൃതദേഹങ്ങള്‍, സംശയമുള്ള മറ്റു മരണങ്ങള് എന്നിവയില്‍ രാത്രി പോസ്റ്റ്മോർട്ടം പാടില്ലെന്നാണ് പുതിയ നിര്‍ദേശത്തിലുമുള്ളത്. ഉത്തരവ് നടപ്പാക്കിയാല്‍ അപകട മരണങ്ങളിലാണ് പ്രയോജനം ലഭിക്കുക. എന്നാല്‍ അപകടമരണങ്ങളുടെ പോസ്റ്റ്മോർട്ടം നടത്തുന്ന താലൂക്ക് ജില്ലാ ആശുപത്രികളില്‍ പലതിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. സൗകര്യമുള്ള ആശുപത്രികളില്‍ രാത്രി പോസ്റ്റ്മോർട്ടം നടത്താമെന്ന കേന്ദ്രനിര്‍ദേശം നിലവില്‍ കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടുന്നതും ഇക്കാരണങ്ങളാലാണ്.