ഇന്ത്യയുടെ ധ്വനി എത്തുന്നു ,പരീക്ഷണം ഈ വർഷം അവസാനത്തോടെ
ആറ് ട്രക്ക് ഘടിപ്പിച്ച AK-630 സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നു

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ധ്വനി’ ഹൈപ്പർസോണിക് മിസൈലിൻ്റെ പരീക്ഷണം രാജ്യത്തിന്റെ സൈനിക ചരിത്രത്തിലെ ഒരു നിർണ്ണായക നിമിഷമായി മാറുമെന്ന് വിലയിരുത്തൽ. ശബ്ദത്തിന്റെ അഞ്ചിരട്ടിയിലേറെ വേഗതയിൽ, അതായത് മണിക്കൂറിൽ 7,400 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ആധുനിക ആയുധം, സാങ്കേതികമികവിൻ്റെ പ്രതീകം എന്നതിലുപരി ദക്ഷിണേഷ്യയുടെയും അതിർത്തികൾക്കപ്പുറമുള്ള സുരക്ഷാ സാഹചര്യങ്ങളെയും മാറ്റിമറിക്കാൻ പോകുന്ന ഒരു തന്ത്രപരമായ പ്രതിരോധശേഷിയാണ്.
‘ധ്വനി’ യാഥാർത്ഥ്യമാകുന്നതോടെ അമേരിക്ക , റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ഹൈപ്പർസോണിക് ആയുധങ്ങൾ കൈവശമുള്ള ലോകശക്തികളുടെ എലൈറ്റ് ക്ലബ്ബിൽ ഭാരതവും സ്ഥാനം ഉറപ്പിക്കും. ആഗോളതലത്തിൽ, ചൈനയുടെ DF-ZF, റഷ്യയുടെ അവാങ്ഗാർഡ് തുടങ്ങിയ ഹൈപ്പർസോണിക് സംവിധാനങ്ങളോട് കിടപിടിക്കുന്നതാണ് ‘ധ്വനി’. പരമ്പരാഗത ക്രൂയിസ് മിസൈലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ‘ധ്വനി’ ഒരു ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ആയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വേഗതയെ അപ്രവചനീയമായ ദിശമാറ്റാനുള്ള ശേഷിയുമായി സമന്വയിപ്പിക്കുന്നു.
വളരെ ഉയർന്ന ഉയരത്തിലേക്ക് വിക്ഷേപിച്ച ശേഷം, ഹൈപ്പർസോണിക് വേഗതയിൽ ലക്ഷ്യസ്ഥാനത്തേക്ക് തെന്നി നീങ്ങുന്ന ഇതിൻ്റെ സഞ്ചാരരീതി, നിലവിലുള്ള മിക്ക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും ഇതിനെ തിരിച്ചറിയാനോ തടയാനോ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ഏകദേശം 9 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള ഈ മിസൈലിൻ്റെ സങ്കീർണ്ണമായ രൂപകൽപ്പനയാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന 2,000-3,000°C താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള അൾട്രാ-ഹൈ-ടെംപറേച്ചർ സെറാമിക് കോമ്പോസിറ്റുകൾ ഉപയോഗിച്ചുള്ള ഇതിൻ്റെ സംരക്ഷണ കവചം ശ്രദ്ധേയമാണ്. കൂടാതെ, ഇതിൻ്റെ സ്റ്റെൽത്ത് രൂപകൽപ്പന കാരണം ശത്രുവിൻ്റെ റഡാർ ട്രാക്കിംഗ് സംവിധാനങ്ങൾക്ക് ഇതിനെ കണ്ടെത്താൻ പ്രയാസമാണ്.
അതിനിടെ പാകിസ്ഥാനുമായുള്ള അതിർത്തിയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പൊതുമേഖലാ സ്ഥാപനത്തിൽനിന്ന് ആറ് ട്രക്ക് ഘടിപ്പിച്ച AK-630 സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ഉയർന്ന തോതിലുള്ള ഫയറിങ് കപ്പാസിറ്റിയുള്ള 30എംഎം മൾട്ടി-ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റമാണ് ഇതിനായി ആവശ്യപ്പെടുന്നതെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഈ സംവിധാനംട്രെയിലറിൽ ഘടിപ്പിച്ച് ഹൈ മൊബിലിറ്റി വാഹനം ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകും.റഷ്യൻ നിർമ്മിതമായ ഫുള്ളി ഓട്ടോമാറ്റിക് ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം (CIWS) നാവിക പ്രതിരോധത്തിനായി രൂപകൽപ്പന ചെയ്തതാണെങ്കിലും, ഈ തോക്കിന്റെ ഉപയോഗം വികസിക്കുകയും മിഷൻ സുദർശൻ ചക്രത്തിന്റെ ഭാഗങ്ങളിലൊന്നായി കാണുന്നു.
2035 ഓടെ മിഷൻ സുദർശൻ ചക്രത്തിന് കീഴിൽ നിർണായകമായ അതിർത്തി പ്രദേശങ്ങൾ അത്യാധുനിക സാങ്കേതികവിദ്യയും ശക്തമായ ആയുധ സംവിധാനങ്ങളും കൊണ്ട് സജ്ജീകരിക്കുമെന്ന് സർക്കാർ അടുത്തിടെ പറഞ്ഞിരുന്നു.4 കിലോമീറ്റർ വരെ ദൂരവും മിനിറ്റിൽ 3,000 റൗണ്ട് വെടിവെപ്പ് ശേഷിയുമുള്ളതാണ് ഈ തോക്കുകൾ. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ആളില്ലാ ഡ്രോണുകൾ, റോക്കറ്റ്, പീരങ്കികൾ, മോർട്ടാർ എന്നിവയിൽ നിന്നുള്ള ഭീഷണി തടയാൻ ഉപയോഗിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ചുരുക്കത്തിൽ പാകിസ്ഥാൻ വാക്കുകൾ കൊണ്ട് പ്രതിരോധം തീർക്കുമ്പോൾ ഇന്ത്യ സജ്ജമാവുകയാണ് ഏതൊരു സാഹചര്യത്തെയും നിസ്സാരമായി നേരിടാൻ