ജില്ലയിലെ മികച്ച ദേവഹരിതം പച്ചത്തുരുത്തിനുള്ള പുരസ്കാരം തിരുമാറാടി പഞ്ചായത്തിന്

ജില്ലയിലെ മികച്ച ദേവഹരിതം പച്ചത്തുരുത്തിനുള്ള പുരസ്കാരത്തിനു തിരുമാറാടി പഞ്ചായത്ത് അർഹമായി . അഞ്ചാം വാർഡിലെ മണ്ണത്തൂർ കോണോത്തുകാവ് പച്ചത്തുരുത്താണു ജില്ലയിലെ മികച്ച പച്ചത്തുരുത്തായി തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത്, ഹരിതകേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി, കോണോത്തുകാവ് ക്ഷേത്ര ഭരണസമിതി എന്നിവരുടെ നേതൃത്വത്തിലാണ് അര ഏക്കർ സ്ഥലത്തു പച്ചത്തുരുത്ത് നിർമിച്ചത്.2020–ൽ നിർമിച്ച പച്ചത്തുരുത്തിന്റെ പരിപാലനച്ചുമതല തൊഴിലുറപ്പു പദ്ധതിക്കാണ്. മണിമലക്കുന്നിൽ– 2, വില്ലേജ് ഓഫിനു സമീപം– 1 ഉൾപ്പെടെ 2 ഏക്കർ സ്ഥലത്ത് 4 പച്ചത്തുരുത്തുകളാണു പഞ്ചായത്തിലുള്ളത്.പഞ്ചായത്തിൽ കൂടുതൽ പച്ചത്തുരുത്തുകൾ നിർമിക്കാൻ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് പറഞ്ഞു.