തൃക്കാക്കര പിടിക്കാൻ 19 സ്ഥാനാർത്ഥികൾ; ജോ ജോസഫിന് അപരഭീഷണി
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ മൽസരിക്കാൻ പത്രിക സമർപ്പിച്ചത് 19 സ്ഥാനാർത്ഥികൾ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ വരണാധികാരിക്കു മുമ്പിൽ ആകെ 29 സെറ്റ് പത്രികകളാണ് എത്തിയത്. മത്സരാർത്ഥികളുടെ എണ്ണം 19 ആണെങ്കിലും പലരും ഒന്നിലേറെ സെറ്റ് പത്രിക നൽകിയതാണ് ഇതിന് കാരണം.
മുന്നണി സ്ഥാനാർത്ഥികളുടെ ഡമ്മി സ്ഥാനാർത്ഥികൾ അടക്കം ആകെ 19 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫ് സ്രാമ്പിക്കല്‍ ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ അപരസ്ഥാനാർത്ഥിയാകാനാണ് പത്രിക സമർപ്പിച്ചതെന്ന് ആരോപണമുണ്ട്.
അതേസമയം, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് അപര ഭീഷണി ഇല്ല. ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിനോട് സാമ്യമുളള ചങ്ങനാശേരിക്കാരന്‍ ജോമോന് ജോസഫ് സ്വതന്ത്രനായി മല്‍സരിക്കാന്‍ പത്രിക നല്‍കിയത് ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ തൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് ജോമോൻ ജോസഫിൻ്റെ നിലപാട്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജോമോൻ മൽസരിക്കുന്നത്. മുമ്പ് പാലായില്‍ ജോസ് ടോം മല്‍സരിച്ചപ്പോഴും ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ മല്‍സരിച്ചപ്പോഴും ജോമോന് ജോസഫ് അപരനായി പത്രിക നൽകിയിരുന്നു.
വെണ്ണലയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് എന്നവകാശപ്പെട്ട ടോം കെ ജോര്‍ജും പത്രിക നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. ഉമയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് മത്സരമെന്ന് ടോം പറയുന്നെങ്കിലും ഇങ്ങനെയൊരു പ്രവര്‍ത്തകനെ അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനവും തൃക്കാക്കരയിൽ മത്സരിക്കാനായി പത്രിക സമർപ്പിച്ചിട്ടുണ്ട്.